ചണ്ഡിഗഢ്: പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് നാലു മാസം ശേഷിക്കെ പാർട്ടി എം.എൽ.മാരുടെ ആവശ്യം അംഗീകരിച്ചാണ് രാജി. ശനിയാഴ്ച വൈകീട്ട് രാജ്ഭവനിലെത്തിയാണ് ഗവർണർ ബൻവാരിലാൽ പുരോഹിതിന് തെൻറയും മന്ത്രിസഭാംഗങ്ങളുടെയും രാജി നൽകിയത്.
ശനിയാഴ്ച നടന്ന നിർണായക കോൺഗ്രസ് നിയമസഭകക്ഷി യോഗത്തിനുശേഷമായിരുന്നു തീരുമാനം. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജി നൽകിയശേഷം അമരീന്ദർ മാധ്യമങ്ങളോടു പറഞ്ഞു.
''ഞാൻ ഇന്ന് രാജിവെക്കുകയാണെന്ന് രാവിലെ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. പാർട്ടി എം.എൽ.എമാരെ രണ്ടു തവണ ഡൽഹിയിലേക്ക് വിളിപ്പിക്കുകയുണ്ടായി. ഇപ്പോൾ ചണ്ഡിഗഢിൽ നിയമസഭ കക്ഷിയോഗവും ചേർന്നു. സർക്കാറിനെ നയിക്കാൻ എനിക്ക് കഴിയില്ലെന്ന ചെറിയ സംശയം ഉയർന്നാൽ പോലും ഞാൻ അപമാനിതനായി.'' -അമരീന്ദർ പറഞ്ഞു. ഇനി പാർട്ടിക്ക് വിശ്വാസമുള്ള ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാമെന്നും അമരീന്ദർ പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ നവ്ജോത് സിങ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള ഭിന്നതക്കൊടുവിലാണ് അമരീന്ദറിെൻറ രാജി.
പുതിയ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ എം.എൽ.എമാരുടെ യോഗം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ മുന്നിൽ നിൽക്കുന്നത് പഴയ പി.സി.സി പ്രസിഡൻറ് സുനിൽ ഝാക്കറാണ്. പ്രതാപ്സിങ് ബജ്വ, രവ്നീത്സിങ് ബിട്ടു എന്നിവരെയും പരിഗണിക്കുന്നു. അമരീന്ദറിനോട് ഏറ്റുമുട്ടിയ നവ്ജോത്സിങ് സിദ്ദു പി.സി.സി പ്രസിഡൻറ് സ്ഥാനത്തു തുടരും.
ഭാവി പരിപാടികളെ പറ്റി ആരാഞ്ഞ മാധ്യമപ്രവർത്തകരോട്, തെൻറ മുന്നിൽ സാധ്യതകളുണ്ടെന്നും ആവശ്യമായ സമയത്ത് അത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജി സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നതുവരെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അമരീന്ദറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.