ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രംഗത്ത്. വിഡിയോ വഴിയാണ് മകൾ സീറത്ത് കൗർ മാൻ ഭഗവന്ത് മാനിനെതിരെ രംഗത്തു വന്നിരിക്കുന്നത്. മക്കളെ നിരന്തരം അവഗണിക്കുന്ന ഭഗവന്ത് മാനിനെ പപ്പയെന്ന് വിളിക്കാൻ അവകാശമില്ലാത്തതിനാൽ മുഖ്യമന്ത്രി എന്നാണ് വിശേഷിപ്പിക്കുന്നതെന്നും സീറത്ത് വിഡിയോയിൽ പറയുന്നുണ്ട്.
ഇത്തരമൊരു വിഡിയോയുമായി രംഗത്ത് വന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചല്ലെന്നും തികച്ചും വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും സീറത്ത് വ്യക്തമാക്കി. പപ്പയുടെ അവഗണന സഹിച്ച് അമ്മ മിണ്ടാതിരിക്കുകയാണെന്നും എന്നിട്ടും ഈ നിശ്ശബ്ദത മുതലെടുക്കാനാണ് ശ്രമമെന്നും അവർ ആരോപിച്ചു. അദ്ദേഹം ഇന്നിരിക്കുന്ന പദവിയിൽ തുടരുന്നത് ഞങ്ങൾ മിണ്ടാതിരിക്കുന്നത് കൊണ്ടാണെന്ന കാര്യം മറക്കരുതെന്നും സീറത്ത് ഓർമപ്പെടുത്തുന്നുണ്ട്.
''ഞങ്ങളുടെ ദുരവസ്ഥ പുറത്തുപറയുകയാണ് ലക്ഷ്യം. ഞങ്ങളെ കുറിച്ച് ആളുകൾ പറഞ്ഞതെല്ലാം മുഖ്യമന്ത്രിയുടെ വായിൽ നിന്നുവന്ന കാര്യങ്ങളാണ്. ഞങ്ങൾ മിണ്ടാതിരിക്കുന്നത് ദൗർബല്യം കൊണ്ടാണെന്ന് കരുതരുത്. അദ്ദേഹം മദ്യപിക്കുമായിരുന്നു. മർദിക്കുന്ന ശീലവുമുണ്ടായിരുന്നു''-വിഡിയോയിൽ പറയുന്നു. മക്കളായ തങ്ങളെ അവഗണിച്ച് കുടുംബം വിപുലീകരിക്കാനുള്ള ഭഗവന്ത് മാനിന്റെ തീരുമാനത്തെയും മകൾ ചോദ്യം ചെയ്യുന്നുണ്ട്. ഭഗവന്ത് മാനിന്റെ ഭാര്യ ഡോ. ഗുർപ്രീത് കൗർ അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നത് മറ്റുള്ളവർ പറഞ്ഞാണ് തങ്ങൾ അറിഞ്ഞതെന്നും സീറത്ത് പറയുന്നു.
സഹോദരൻ ദിൽഷൻ മാനിനെ കാണാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കടത്തിവിട്ടില്ലെന്നും ആരോപണമുണ്ട്. ഓരോ തവണയും ദിൽഷന് പല വിലക്കുകളും നേരിട്ടു. ഒരിക്കൽ ചെന്നപ്പോൾ പുറത്താക്കി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അവിടെ കണ്ടുപോകരുതെന്നും പറഞ്ഞു. സ്വന്തം മക്കളുടെ കാര്യത്തിൽ പോലും ഉത്തരവാദിത്തമില്ലാത്ത പിതാവായ അദ്ദേഹം എങ്ങനെയാണ് പഞ്ചാബിലെ ജനങ്ങളുടെ കാര്യം നോക്കുന്നതെന്നും സീറത്ത് ചോദിച്ചു.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ, അകാലി ദൾ നേതാവ് ബിക്രം മജീതീയ വാർത്ത സമ്മേളനം വിളിച്ചു ഭഗവന്ത് മാനിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മകളുടെ വിഡിയോയും വാർത്തസമ്മേളനത്തിനിടെ പ്രദർശിപ്പിച്ചു.
സ്വന്തം കുഞ്ഞുങ്ങളെ വഞ്ചിക്കുന്നവർക്ക് പഞ്ചാബിലെ ജനങ്ങളോട് നീതി പുലർത്താൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയും വിഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ആരോപണങ്ങളെ കുറിച്ച് മറുപടി പറയണമെന്ന് എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്‍രിവാളിനോട് ആവശ്യപ്പെടുകയും ചെയ്തു.
2022 ജൂലൈയിലാണ് മാൻ ഡോക്ടറായ ഗുർപ്രീതിനെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ ഇന്ദർപ്രീതുമായി 2015 മുതൽ അകന്നുകഴിയുകയാണ്. ആ ബന്ധത്തിലുള്ള മക്കളാണ് 21 വയസുള്ള സീറത്ത് കൗറും 17 വയസുള്ള ദിൽഷനും. ഇവർ അമ്മക്കൊപ്പം യു.എസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.