ഛണ്ഡീഗഡ്: മധ്യപ്രദേശിന് വേണ്ടത് ഇരട്ട എഞ്ചിൻ സർക്കാരല്ല മറിച്ച് വികസനത്തിനും ക്ഷേമത്തിനുമായി ആം ആദ്മി പാർട്ടിയുടെ രൂപത്തിലുള്ള പുതിയ എഞ്ചിനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"മധ്യപ്രദേശിന് കേന്ദ്രവും സംസ്ഥാനവും കൂട്ടി ഒരു ഇരട്ട എഞ്ചിൻ സർക്കാരുണ്ട്. പക്ഷേ വണ്ടി അനങ്ങുന്നുണ്ടോ? ഇല്ല. അപ്പോൾ സംസ്ഥാനത്തിന് വേണ്ടത് ഇരട്ട എഞ്ചിനല്ല മറിച്ച് ഒരു പുതിയ എഞ്ചിനാണ്. രാജ്യത്ത് കെജ്രിവാൾ എഞ്ചിൻ ലോഞ്ച് ചെയ്തിരുന്നു. ഈ എഞ്ചിൻ മാലിനീകരണം തുപ്പില്ല, വേഗത്തിൽ ഓടുകയും ചെയ്യും. ഡൽഹിയിലെയും പഞ്ചാബിലെയും ജനങ്ങൾ ഈ മോഡൽ അംഗീകരിച്ചു കഴിഞ്ഞു" - അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ മധ്യപ്രദേശിലെ ജനങ്ങൾക്ക് ഇനി 37ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഈ അവസരം അഞ്ച് വർഷത്തിലൊരിക്കൽ മാത്രമാണ് വരുന്നത്. അതും ഒമ്പത് മണിക്കൂർ ദൈർഘ്യത്തിലേക്ക്. കുട്ടികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സംസ്ഥാനത്തെ രക്ഷിക്കാനും ജനങ്ങൾ ഈ അവസരം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേവ ജില്ലയിലെ മൗഗഞ്ചിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മൗഗഞ്ച് അസംബ്ലി സീറ്റിൽ നിന്ന് ഉമേഷ് ത്രിപാഠിയെയും ദിയോതലാബിൽ നിന്ന് ദിലീപ് സിങ് ഗുഡ്ഡുവിനെയും രേവ ജില്ലയിലെ മംഗവാനിൽ നിന്ന് വരുൺ അംബേദ്കറെയുമാണ് ഇക്കുറി പാർട്ടി മത്സരിപ്പിക്കുന്നത്.
230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒറ്റ ഘട്ടമായാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.