ചണ്ഡിഗഢ്: ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ്ങിനെ പിടികൂടാൻ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് പ്രവർത്തനം തുടരുകയാണെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പഞ്ചാബ് സർക്കാർ ഹൈകോടതിയിൽ.
സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും അമൃത്പാലിന്റെ സംഘടനയായ വാരിസ് പഞ്ചാബ് ദേ ക്കെതിരെ നടപടി ആരംഭിക്കുകയും ചെയ്തതോടെ മാർച്ച് 18 മുതൽ ഇയാൾ ഒളിവിലാണ്. വേഷം മാറി ഇയാൾ പൊലീസിനെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമൃത്പാലുമായി ബന്ധമുള്ളവരെന്ന പേരിൽ ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലാത്തവരെ കരുതൽതടങ്കലിൽ സൂക്ഷിക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമൃത്പാൽ സിങ്ങിനെ അനധികൃതമായി കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇമാൻ സിങ് ഖാര എന്ന അഭിഭാഷകൻ പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. ചൊവ്വാഴ്ച ഇതിനുള്ള മറുപടിയായാണ്, അമൃത്പാൽ സിങ്ങിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പിടികൂടാൻ ശ്രമംതുടരുകയാണെന്നും അഡ്വക്കറ്റ് ജനറൽ വിനോദ് ഗായ് കോടതിയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.