ചണ്ഡിഗഢ്: നിയമസഭാസമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാറും ഗവർണറും തമ്മിലുള്ള തർക്കം തീർന്നു. സെപ്റ്റംബർ 27ന് സമ്മേളനം വിളിക്കാൻ ഒടുവിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകി. സഭയിൽ ചർച്ചചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് സർക്കാർ അറിയിച്ച ശേഷമാണ് ഗവർണർ അനുമതി നൽകിയത്.
കഴിഞ്ഞ 22ന് പ്രത്യേക സമ്മേളനം വിളിക്കാനുള്ള അനുമതി ഗവർണർ പിൻവലിച്ചിരുന്നു. ഇതോടെയാണ് ഗവർണറും സർക്കാറും തമ്മിൽ തർക്കം തുടങ്ങിയത്. 'ആപ്' എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് സമ്മേളനത്തിൽ വിശ്വാസവോട്ട് തേടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ അനുമതി പിൻവലിച്ചത്.
ഗവർണറുടെ നീക്കം സേച്ഛാപരവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച മന്ത്രിസഭായോഗം സെപ്റ്റംബർ 27ന് പ്രത്യേക സഭാസമ്മേളനം ചേരാനും തീരുമാനിച്ചു. ഇതിന്റെ വിശദാംശങ്ങൾ ഗവർണർ ചോദിച്ചതോടെ മുഖ്യമന്ത്രി ഭഗവന്ത് മൻ രൂക്ഷമായി പ്രതികരിച്ചിരുന്നു.
സഭാസമ്മേളനങ്ങൾക്ക് ഗവർണറുടെ അനുമതി തേടുക എന്നത് ഔപചാരികത മാത്രമാണെന്നും രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഒരു ഗവർണറും നിയമസഭയിൽ ചർച്ച ചെയ്യാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ആരാഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തതവണ നിയമസഭയിലെ പ്രസംഗങ്ങൾക്ക് അനുമതി വേണമെന്ന നിർദേശമായിരിക്കും ഗവർണർ നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.