ഖത്തറിൽ തടവിലായ ഇന്ത്യൻ നാവികർക്ക് മോചനം; ഏഴു പേർ ഡൽഹിയിലെത്തി

ന്യൂഡൽഹി: ഒന്നര വർഷത്തോളമായി ഖത്തറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് ​മോചനം. മോചിതരായവരിൽ ഏഴുപേർ ​തിങ്കളാഴ്ച പുലർച്ചെ​യോടെ ന്യൂഡൽഹിയി​ൽ തിരിച്ചെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തടവുകാരുടെ മോചനം സാധ്യമാക്കിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് മന്ത്രാലയം നന്ദി അറിയിച്ചു.

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ നാവികർക്ക് കഴിഞ്ഞ വർഷം ഒക്ടോബർ 26ന് ഖത്തറിലെ പ്രഥമ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അപ്പീലിനെ തുടർന്ന് ഡിസംബർ 28ന് അപ്പീൽ കോടതി വിധിയിൽ ഇളവു ചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് ഞായറാഴ്ച രാത്രിയോടെ മോചനം സാധ്യമായി നാട്ടിലേക്ക് മടങ്ങിയത്.

ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റൻ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാഗേഷ് എന്നിവർ 2022 ആഗസ്റ്റിലാണ് ദോഹയിൽ അറസ്റ്റിലായത്.

അൽ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സര്‍വീസസിലെ മുതിര്‍ന്ന ജീവനക്കാരായിരുന്നു മുന്‍ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍. അറസ്റ്റിനു പിന്നാലെ, ആവശ്യമായ നിയമസഹായം ദോഹയിലെ ഇന്ത്യന്‍ എംബസി മുഖേന നേരത്തെ തന്നെ വിദേശകാര്യമന്ത്രാലയം ഏര്‍പ്പാടാക്കിയിരുന്നു.

Tags:    
News Summary - Qatar frees 8 ex-Indian Navy men jailed on espionage charges, 7 return to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.