ന്യൂഡൽഹി: മധ്യപ്രദേശിൽ ഭരണം നിലനിർത്താനും രാജസ്ഥാൻ പിടിക്കാനും കോൺഗ്രസുമായി ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ബി.ജെ.പിയിലെ പോര് തെരുവിലെത്തി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ സാന്നിധ്യത്തിൽ മധ്യപ്രദേശിൽ പാർട്ടി ഓഫിസിലായിരുന്നു ആക്രമണം. രാജസ്ഥാനിൽ ബി.ജെ.പി ഓഫിസ് പ്രവർത്തകർ തല്ലിത്തകർത്തു. രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷന്‍ സി.പി. ജോഷിയുടെ പ്രതീകാത്മക ശവവുമേന്തി പ്രവർത്തകർ തെരുവിലിറങ്ങി.
നവംബർ 17ന് വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ ബി.ജെ.പി അഞ്ചാം പട്ടിക പുറത്തുവിട്ട ശേഷം മന്ത്രി ഭൂപേന്ദ്ര യാദവ് ജബൽപൂരിലെ പാർട്ടി ഓഫിസിൽ എത്തിയപ്പോഴായിരുന്നു പ്രവർത്തകരുടെ അതിക്രമം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമക്കെതിരെ മുദ്രാവാക്യം വിളിച്ച് ഓഫിസിലേക്ക് കടന്ന പ്രവർത്തകർ ജബൽപൂർ നോർത്ത് സീറ്റ് അഭിലാഷ് പാണ്ഡെക്ക് നൽകിയതിൽ പ്രതിഷേധിച്ചു. ശാന്തരാക്കാൻ ശ്രമിച്ച മന്ത്രിയെ വളഞ്ഞ പ്രവർത്തകർ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. കൈയേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയതോടെ പാടുപെട്ടാണ് മന്ത്രിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് ഓഫിസിന് പുറത്തെത്തിച്ചത്.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാജസ്ഥാനിൽ പകുതിയോളം സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിക്കാനിരിക്കെയാണ് സ്ഥാനാർഥി നിർണയത്തിനെതിരായ പ്രതിഷേധം തെരുവിൽ പടർന്നത്. രാജ്സമന്തിലെ ബി.ജെ.പി ഓഫിസ് പ്രവര്‍ത്തകർ അടിച്ചുതകര്‍ത്തു. ജയ്പൂരില്‍ ബി.ജെ.പി ആസ്ഥാനത്തിന് മുന്നിലായിരുന്നു പ്രതിഷേധം. ഉദയ്പുര്‍, ആല്‍വാര്‍, ബുണ്ഡി എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി.
ന്യൂഡൽഹി: നവംബർ 25ന് നടക്കുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് ഞായറാഴ്ച പുറത്തിറക്കി. മുൻ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യസംവരണ മണ്ഡലമായ സോജാത്ത് സീറ്റിൽ മത്സരിക്കും. മന്ത്രിമാരായ ഗോവിന്ദ് റാം മേഘ്വാളും ബി ഡി കല്ലയും യഥാക്രമം ഖജുവാല, ബിക്കാനീർ വെസ്റ്റ് എന്നിവിടങ്ങളിൽ ജനവിധി തേടും. ഉന്നതവിദ്യാഭ്യാസ സഹമന്ത്രി രാജേന്ദ്ര സിങ് യാദവാണ് കോട്പുത്ലി മണ്ഡലത്തിൽ സ്ഥാനാർഥി. മൂന്നു മന്ത്രിമാരും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുപ്പക്കാരാണ്.പാർട്ടി ഇതുവരെ 76 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.