ഷിംല: ഹിമാചലിലെ മാണ്ഡി ലോക്സഭ മണ്ഡലത്തിൽ ഇക്കുറി താരപോരാട്ടമാണ്. ബോളിവുഡ് രാജ്ഞി കങ്കണ റണാവത്ത് ബി.ജെ.പി ടിക്കറ്റിൽ ഗോദയിലെത്തുമ്പോൾ എതിരാളി സംസ്ഥാന കോൺഗ്രസിന്റെ സ്വന്തം ‘രാജകുമാരൻ’ വിക്രമാദിത്യ സിങ്ങാണ്. ഇരുവരും കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചു. പത്രികാസമർപ്പണത്തിനു മുന്നേ ഇരുനേതാക്കളും തമ്മിലുള്ള വാക്പോര് തുടങ്ങിക്കഴിഞ്ഞു.
ഇക്കാര്യത്തിൽ കങ്കണയാണ് മുന്നിൽ. നേരത്തേതന്നെ, ബോളിവുഡിൽ മോദിക്കുവേണ്ടി ശബ്ദിച്ച കങ്കണ പ്രചാരണത്തിലെങ്ങും ആ ശൈലിയിൽതന്നെയാണ്. പത്രിക സമർപ്പണത്തിന്റെ തലേന്നാൾ നടത്തിയ രാഷ്ട്രീയറാലിയിൽ കോൺഗ്രസിനെ ‘ബ്രിട്ടീഷ് അവശിഷ്ടം’ എന്നാണ് വിശേഷിപ്പിച്ചത്. ‘ജയ് ശ്രീറാം’ വിളിയോടെ തുടങ്ങിയ പ്രസംഗത്തിൽ സോണിയയെ ‘ഇറ്റാലിയൻ പത്നി’യെന്നും വിക്രമാദിത്യയെ’ ഛോട്ടാപപ്പു’വെന്നും പലവട്ടം ആവർത്തിച്ചാക്ഷേപിച്ചു.
മാണ്ഡിയിലെ പഴയ രാജകുടുംബാംഗമാണ് വിക്രമാദിത്യ. മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകൻ. ഈ രണ്ട് വിലാസത്തിലാണ് വിക്രമാദിത്യ വോട്ടുതേടുന്നത്. അക്കാരണം കൊണ്ടുതന്നെയാണ് കങ്കണയുൾപ്പെടെയുള്ളവർ ‘രാജകുമാരൻ’ എന്നർഥം വരുന്ന ‘ഷെഹ്സാദ’ പ്രയോഗവുമായി വിക്രമാദിത്യക്കെതിരെ വരുന്നതും. ബി.ജെ.പി നേതാക്കൾ രാഹുലിനെ വിശേഷിപ്പിക്കുന്നതും ഇങ്ങനെയാണ്.
നിലവിൽ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രികൂടിയാണ് വിക്രമാദിത്യ. രാമഭക്തനാണ്. അതുകൊണ്ടുതന്നെ രാമക്ഷേത്ര രാഷ്ട്രീയം ഇവിടെ ബി.ജെ.പിക്ക് അധികം പറയാനാകില്ല. അക്കാരണത്താൽ, കങ്കണ പതിവുശൈലിയിൽ പ്രതിയോഗിക്കുനേരെ കടുത്ത വിമർശനവും വിദ്വേഷവും പ്രചരിപ്പിക്കുകയാണ്. വിക്രമാദിത്യയും വിട്ടുകൊടുക്കാൻ തയാറല്ല. ഉരുളക്കുപ്പേരി എന്നനിലയിൽ മറുപടിയും വരുന്നുണ്ട്. ചുരുക്കത്തിൽ, മാണ്ഡ്യയിലെ താരപ്പോര് വാഗ്വാദത്തിന്റെ കൂടിയായി മാറിയിരിക്കുന്നു.
മണ്ഡലത്തിലെ 17 നിയമസഭ സീറ്റുകളിൽ 13ഉം ബി.ജെ.പിയുടെ കൈകളിലാണ്. 2019ൽ, ബി.ജെ.പിയുടെ രാം സ്വരൂപ് ശർമ നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. 2021ൽ, അദ്ദേഹത്തിന്റെ വിയോഗത്തെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിഭ സിങ്ങിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. ഭൂരിപക്ഷം: 8766. മണ്ഡലം നിലനിർത്താനുള്ള അവസാനഘട്ട അടവെന്ന നിലയിലാണ് താരമൂല്യമുള്ള മകനെ മത്സരിപ്പിക്കാൻ പ്രതിഭ സിങ് സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.