ഗസ്സ: മൂന്നും നാലും ദിവസം തുടർച്ചയായി ഒരു നിമിഷം പോലും ഉറങ്ങാതെ ജോലിയെടുക്കുന്ന ഡോക്ടർമാരും നഴ്സുമാരും. ഒരു ജീവൻകൂടി അധികം രക്ഷിക്കാൻ കഴിയുമോ എന്ന് മാത്രമായിരുന്നു അവരുടെ ചിന്ത. അതായിരുന്നു കഴിഞ്ഞയാഴ്ച വരെ ഗസ്സയിലെ അൽ ശിഫ ആശുപത്രി. ഇന്നിപ്പോൾ അവിടെ ശ്മശാന മൂകത. ആശുപത്രി മുറ്റത്ത് നൂറുകണക്കിന് മൃതദേഹങ്ങളുണ്ട്. അടക്കം ചെയ്യാൻ പോലും ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല. ഗസ്സയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആശുപത്രിയുടെ കോമ്പൗണ്ടിലേക്ക് ആരെയും കടക്കാൻ അനുവദിക്കാതെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സൈന്യം ഉപരോധിക്കുകയാണ്.
ആശുപത്രിയിൽ ഹമാസ് പോരാളികളുടെ കമാൻഡ് സെന്റർ ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണവും റെയ്ഡും നടത്തിയതെങ്കിലും ഇതുവരെ അങ്ങനെയൊന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അൽ ശിഫയുടെ അത്യാഹിത വിഭാഗത്തിൽ സന്നദ്ധ സേവനം നടത്തിയിരുന്ന ജവ്ദത്ത് സമി അൽ മദൂൻ പങ്കുവെക്കുന്ന അനുഭവങ്ങൾ ഉള്ളുപൊള്ളിക്കുന്നതാണ്. ‘‘ഒരു ദിവസം സാരമായി പരിക്കേറ്റ കൊച്ചു പെൺകുട്ടി എന്നെ നോക്കി പറഞ്ഞു. ‘അങ്കിൾ, എന്റെ മാതാപിതാക്കളും സഹോദരനും കൊല്ലപ്പെട്ടു. ഞാൻ അവരോടൊപ്പം മരിക്കട്ടെ. അവരില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല’ എന്താണ് ആ കുട്ടിയോട് മറുപടി പറയുക. ഞാൻ പൂർണ പരിശീലനം ലഭിച്ച ഒരു നഴ്സല്ല. ഒന്നര വർഷത്തോളം പഠിച്ച അനുഭവം വെച്ച് പരിക്കേറ്റവരെ കഴിയുന്ന വിധത്തിൽ സഹായിക്കാൻ എത്തിയതാണ്. ഉപരോധവും ആക്രമണവും വന്നതോടെ മരുന്നും മതിയായ ചികിത്സ സൗകര്യങ്ങളുമില്ലാതെ ആളുകൾ മരിക്കുന്നത് ഞങ്ങൾക്ക് നോക്കിനിൽക്കേണ്ടി വന്നു’’.
‘എന്റെ സുഹൃത്ത് ഇസ്ലാം അൽ മുൻഷിദിനെ ഒരുദിവസം റിസപ്ഷൻ ഏരിയയിൽ ഗുരുതരമായി പരിക്കേറ്റ് കണ്ടു. അൽ ശിഫ ഗേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് പരിക്കേറ്റത്. മൂന്നുദിവസം ഓരോ മണിക്കൂറിലും ഞാൻ അവനെ പോയി നോക്കും. ഒടുവിൽ അവൻ മരിച്ചു. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഏറ്റവും കുറഞ്ഞ ചികിത്സ ഉപകരണങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവനെ രക്ഷിക്കാമായിരുന്നു’. വൃക്കരോഗിയായ തന്റെ മാതാവിന്റെ നിശ്ചയദാർഢ്യത്തെ കുറിച്ചും ജവ്ദത്ത് വാചാലനായി. ഒരിക്കലും നഗരം വിട്ടുപോകില്ലെന്ന് അവർ ഉറപ്പിച്ചിരുന്നു. അവർ എന്നോട് പറയും ‘‘നമ്മൾ ഉപേക്ഷിച്ചാൽ ഈ നാടിനെ പരിപാലിക്കാൻ ആരാണുണ്ടാവുക’’. എവിടെനിന്നാണ് ഞങ്ങൾക്ക് ഊർജം കിട്ടുന്നതെന്ന് അറിയില്ല. മുന്നോട്ടുപോകാനുള്ള ശക്തി നമുക്കെല്ലാം ദൈവം നൽകിയിരുന്നിരിക്കണം’ -ജവ്ദത്ത് പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.