ന്യൂഡൽഹി: നിരത്തുകളിൽ വാഹനങ്ങളുടെ വേഗം അളക്കാൻ ഉപയോഗിക്കുന്ന റഡാർ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ചട്ടവുമായി കേന്ദ്രം. നിർബന്ധിത പരിശോധനയും സ്റ്റാമ്പിങ്ങുമടക്കം കൂടുതൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയുള്ള ചട്ടം ഉപഭോക്തൃ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. 2011ലെ ലീഗൽ മെട്രോളജി (ജനറൽ) ചട്ടങ്ങൾക്ക് കീഴിലാണ് പുതിയ ഭേദഗതികളും ഉൾപ്പെടുത്തുക. റഡാർ ഉപകരണങ്ങളിൽ കൃത്യതക്കൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഇതിലൂടെ അമിതവേഗമടക്കം നിരത്തിലെ നിയമലംഘനങ്ങൾ പഴുതടച്ച് നിരീക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെട്രോളജി, റീജ്യനൽ റഫറൻസ് ലബോറട്ടറികൾ, നിർമാതാക്കൾ, വിവിധ പരിശോധന ഏജൻസികൾ എന്നിവയുമായുൾപ്പെടെ വിപുല കൂടിയാലോചനകൾക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ലീഗൽ മെട്രോളജി വിഭാഗം കരട് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയത്. ഇൻറർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജി (ഒ.ഐ.എം.എൽ) മാനദണ്ഡങ്ങൾക്കനുസൃതമായാണ് പുതിയ ചട്ടങ്ങളെന്ന് അധികൃതർ പറഞ്ഞു.
വാഹന വേഗം അളക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോവേവ് ഡോപ്ലർ റഡാർ ഉപകരണങ്ങളിലും നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്റ്റാമ്പിങ് നിർബന്ധമാവും. റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ പുതിയ ചട്ടങ്ങൾ ആവിഷ്കരിക്കുന്നത്. ദേശീയപാത മന്ത്രായത്തിന്റെ കണക്കനുസരിച്ച് 2022ൽ രാജ്യത്താകെ 4,61,312 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,68,491 പേർ മരിക്കുകയും 4,43,366 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളിൽ 11.9 ശതമാനവും മരണങ്ങളിൽ 9.4 ശതമാനവും പരിക്കുകളിൽ 15.3 ശതമാനവും വർധനവുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.