ന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് തീറെഴുതുന്നതിെൻറ അപകടത്തെക്കുറിച്ച് പാർലമെൻറിന് മുന്നറിയിപ്പുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. തെൻറ മണ്ഡലമായ റായ്ബറേലിയിൽ യു.പി.എ സർക്കാറിെൻറ കാലത്ത് വൻതുക മുടക്കി സ്ഥാപിച്ച പൊതുമേഖല സ്ഥാപനമായ കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കരുതെന്ന് പുതിയ ലോക്സഭയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സോണിയ ആവശ്യപ്പെട്ടു.
ബി.ജെ.പി സർക്കാറിൽനിന്ന് ഭിന്നമല്ലാതെ, മൻമോഹൻ സിങ് നയിച്ച യു.പി.എ സർക്കാറിെൻറ കാലത്തും പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കൽ സജീവമായിരുന്നു. എന്നാൽ, അതിെൻറ അപകടം തിരിച്ചറിഞ്ഞ സോണിയയുടെ പ്രസംഗമാണ് ലോക്സഭയിൽ കേട്ടത്. പൊതുമേഖല സ്ഥാപനങ്ങളുടെ അമൂല്യമായ ആസ്തി ചുളുവിലക്ക് സ്വകാര്യ മേഖലയിലെ ചുരുക്കം ചിലരുടെ കൈകളിലേക്ക് പോകാൻ ഇട നൽകുന്നതാണ് ഒാഹരി വിൽപനയെന്ന് സോണിയ പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതു കൂടിയാണിതെന്നും പൊതുമേഖല സ്ഥാപനം തുടങ്ങിയതിെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഒാഹരി വിൽപനയെന്നും സോണിയ കൂട്ടിച്ചേർത്തു.
യു.പി.എ സർക്കാറിെൻറ കാലത്ത് തുടങ്ങിയ ഏറ്റവും നവീനമായ കോച്ച് ഫാക്ടറിയാണ് റായ്ബറേലിയിലേത്. അത് പൊതുമേഖലയിൽ നിലനിർത്തേണ്ടത് നാടിെൻറ പൊതു ആവശ്യവും െതാഴിലാളികളുടെ പ്രത്യേകാവശ്യവുമാണെന്ന് സോണിയ പറഞ്ഞു. പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ, പ്രതിരോധ സ്ഥാപനമായ എച്ച്.എ.എൽ എന്നിവ സ്വകാര്യവത്കരിക്കാനുള്ള ശ്രമവും ഉത്കണ്ഠജനകമാണെന്ന് സോണിയ കൂട്ടിച്ചേർത്തു. കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാർ വലിയ കൈയടിയോടെയാണ് സോണിയയുടെ പ്രസംഗം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.