ശ്രീനഗർ: അഞ്ചുമാസം നീണ്ട ഭാരത് ജോഡോ യാത്ര സമാപിച്ചതോടെ ദാൽ തടാകക്കരയിൽ ഉല്ലസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും. അഞ്ചുമാസംകൊണ്ട് നാലായിരത്തിലധികം കിലോമീറ്റർ നടന്നുതീർത്ത ശേഷം തിങ്കളാഴ്ച വൈകീട്ട് ദാൽ തീരത്ത് എത്തിയ ഇരുവരും മഞ്ഞുകട്ടകൾകൊണ്ട് കളിച്ചും ജനങ്ങളെ ഹസ്തദാനം ചെയ്തും നിറഞ്ഞുനിന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മഞ്ഞ് പോരാട്ടവും പ്രിയങ്കക്കൊപ്പം ദാൽ തടാകത്തിലൂടെയുള്ള നടത്തവും’ എന്ന അടിക്കുറിപ്പോടെ ചൊവ്വാഴ്ച രാവിലെ രാഹുൽ ഗാന്ധിയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോ ഒരു മിനിറ്റിനകം 32,000ലധികംപേർ കണ്ടു.
മഞ്ഞ ജാക്കറ്റും കമ്പിളിത്തൊപ്പിയും കൈയുറയും ധരിച്ച രാഹുലും കറുത്ത ജാക്കറ്റണിഞ്ഞ പ്രിയങ്കയും ഫുട്പാത്തിലൂടെ ഉലാത്തുന്നത് 58 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. വഴിയാത്രക്കാരുമായി സംസാരിച്ചും അഭിവാദ്യം ചെയ്തുമാണ് നീങ്ങുന്നത്. ഇതിനിടെ ഒരാൾ കാർ നിർത്തി രാഹുൽ ഗാന്ധിയെ ഹസ്തദാനം ചെയ്യാൻ ശ്രമിച്ചത് സുരക്ഷ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും രാഹുൽ മുന്നോട്ടുവന്ന് യുവാവിനെ ആലിംഗനം ചെയ്തു. മഞ്ഞിൽ കുടുങ്ങിയ കാർ തള്ളാൻ സഹായിക്കുകയും ചെയ്തു.
നേരത്തേ ഇരുവരും കശ്മീരിലെ പ്രസിദ്ധ ആരാധനാലയങ്ങളായ ഖീർ ഭവാനിയും ഹസ്രത്ബാലും സന്ദർശിച്ചിരുന്നു. സുരക്ഷ കാരണങ്ങളാൽ സന്ദർശനം രഹസ്യമായായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.