ന്യൂഡൽഹി: മാസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ കിഴക്കൻ ലഡാക്കിലെ മുന്നണി മേഖലയിൽനിന്നുള്ള സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയുമായി ഉണ്ടാക്കിയ ഉടമ്പടി സംശയനിഴലിൽ.
ചൈനയുടെ സമ്മർദത്തിന് വഴങ്ങി ഇന്ത്യൻ മണ്ണ് വിട്ടുകൊടുത്താണ് മോദിസർക്കാർ ധാരണ ഉണ്ടാക്കിയതെന്ന ആരോപണമുയർത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തുവന്നു. പ്രധാന അഭിപ്രായ ഭിന്നതകൾ ബാക്കിനിൽക്കുകയാണെന്നും സമാധാനത്തിന് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും ഇതിനൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ, കേന്ദ്രം ഇത് നിഷേധിച്ചു.
കിഴക്കൻ ലഡാക്കിൽ പങ്ങോങ്ങിലെ പർവതശിഖരമായ ഫിംഗർ 4 വരെയുള്ള ഭൂപ്രദേശം ഇന്ത്യയുടേതാണെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. സ്ഥിതി ഇതായിരിക്കെയാണ് ഫിംഗർ 3ലേക്ക് പിന്മാറാൻ ഇന്ത്യൻ സേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ഇന്ത്യൻ ഭൂമി ചൈനക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഇതേക്കുറിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വിശദീകരിക്കണം.
ഗോഗ്ര, ഹോട്സ്പ്രിങ്, ദസ്പാങ് ഭാഗങ്ങളിൽനിന്ന് ചൈനീസ് സേന പിന്മാറാത്തത് എന്തുകൊണ്ടാണ്? കൈലാഷ് റേഞ്ച് പർവത മേഖലയിൽനിന്ന് പിന്മാറാമെന്ന് ഇന്ത്യ സമ്മതിച്ചത് എന്തുകൊണ്ട്? ചൈനീസ് സേന കടന്നുവന്ന, ഏറ്റവും തന്ത്രപ്രധാനമായ ദസ്പാങ് മേഖലയെക്കുറിച്ച് പാർലമെൻറിൽ പ്രസ്താവന നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൗനംപാലിക്കുകയാണ് ചെയ്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.
രാഹുൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി തൊട്ടുപിന്നാലെ മന്ത്രിമാരും പ്രതിരോധ മന്ത്രാലയവും പറഞ്ഞു. ഇന്ത്യൻ മണ്ണ് ചൈനക്ക് വിട്ടുകൊടുത്തത് ആരാണെന്ന് രാഹുൽ മുത്തച്ഛനായ ജവഹർലാൽ നെഹ്റുവിനോട് ചോദിച്ചാൽ മതിയെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ആരാണ് ദേശസ്നേഹി, ആര് അല്ല എന്ന് ജനത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1962 മുതൽ ചൈന അനധികൃതമായി കൈവശംവെച്ചിരിക്കുന്ന 43,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂപടത്തിലുണ്ട്. യഥാർഥ നിയന്ത്രണരേഖ പോലും ഫിംഗർ 4ൽ അല്ല, ഫിംഗർ 8ലാണ്. അതുകൊണ്ടാണ് ഫിംഗർ 8ൽ ഇന്ത്യ പട്രോളിങ് അവകാശത്തിന് വാദിക്കുന്നത്.
സേന പിന്മാറ്റത്തിന് ധാരണയായതുകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് അർഥമില്ല. ഭിന്നതകളുണ്ട്. യഥാർഥ നിയന്ത്രണരേഖ മാനിക്കുന്ന സ്ഥിതി ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്തത്. ഹോട്സ്പ്രിങ്, ഗോഗ്ര, ദസ്പാങ് അടക്കമുള്ള പ്രശ്നങ്ങളിൽ ഉടൻ ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.