ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്പോൾ ഇന്ത്യയെ പരിഹസിക്കുന്ന വിറളിപൂണ്ട നാടുവാഴിയാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമർശം.
"ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ആവശ്യപ്പെടുന്ന, മേക്ക് ഇൻ ഇന്ത്യ എന്ന സ്വപ്നത്തെ അപകീർത്തിപ്പെടുത്തുന്ന, ഒരു ദേശീയ പുരസ്കാരം സ്വന്തമാക്കുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന വിറളിപൂണ്ട നാടുവാഴി. ജനങ്ങളാൽ നിരസിക്കപ്പെട്ടതിനാൽ അദ്ദേഹം അസ്വസ്ഥനാണ്" - മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കായികതാരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടന്നപ്പോൾ ശബ്ദിക്കാതിരുന്ന വനിത മന്ത്രിയാണ് സ്മൃതിയെന്നും രാഹുൽ ഗാന്ധിക്കെതിരെ വിഷം ചീറ്റുക മാത്രമാണ് ഇവർ ചെയ്യുന്നതെന്നുമായിരുന്നു ട്വീറ്റിനോട് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റിന്‍റെ പ്രതികരണം.
"മറ്റ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കാത്ത, കായികതാരങ്ങൾ ലൈംഗികാതിക്രമം നേരിട്ടപ്പോൾ ശബ്ദിക്കാതിരുന്ന, വിലക്കയറ്റത്തെ കുറിച്ച് ഒന്നും പറയാനില്ലാത്ത വിറളിപിടിച്ച ഒരു ആത്മാവ്. അവർക്ക് ആകെ പ്രസക്തമായ ഒരേയൊരു കാര്യം രാഹുൽ ഗാന്ധിക്കെതിരെ വിഷം ചീറ്റുക എന്നത് മാത്രമാണ്" - സുപ്രിയ ട്വിറ്ററിൽ കുറിച്ചു.
മണിപ്പൂർ കത്തുമ്പോഴും യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിട്ടും പ്രധാനമന്ത്രി ഇപ്പോഴും ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. റഫാൽ കാരണം മോദിക്ക് ബാസ്റ്റിൽ ഡേ പരേഡിന് ടിക്കറ്റ് കിട്ടിയെന്നുമായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ച പ്രമേയത്തെ ഇന്ത്യ വിമർശിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ച പ്രമേയത്തെ സ്വീകരിക്കാനാകില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലിൽ വിയോജിപ്പുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
മണിപ്പൂരിലെ കലാപങ്ങൾ രണ്ട് മാസം പിന്നിട്ടിട്ടും സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനങ്ങളുയർത്തുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.