ഡൽഹി: കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി രോഷാകുലനായതായി റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തിന് എഴുതിയ കത്താണ് രാഹുലിനെ പ്രകോപിപ്പിച്ചത്. കത്തിൽ ഒപ്പിട്ടവർ ബി.ജെ.പിയുമായി സഹകരിക്കുന്നെന്ന ആരോപണവും രാഹുൽ ഉന്നയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കത്ത് എഴുതിയ സമയം ഉചിതമായിെല്ലന്നും നിലവിലെ പ്രസിഡൻറ് സോണിയ ഗാന്ധിയുടെ ആരോഗ്യനില നേതാക്കൾ പരിഗണിച്ചില്ലെന്നും രാഹുൽ പറഞ്ഞു.
കത്തയച്ചവരെ വിമതർ എന്നാണ് രാഹുൽ യോഗത്തിൽ വിശേഷിപ്പിച്ചത്. കോൺഗ്രസ് പ്രതിസന്ധയിൽ അകപ്പെട്ടപ്പോഴാണ് കത്ത് അയച്ചിരിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും നിലനിൽപ്പിനായുള്ള പോരാട്ടത്തിലായിരുന്നു പാർട്ടി. സോണിയഗാന്ധിയാകെട്ട രോഗക്കിടക്കയിലും. കത്ത് ആർക്കുവേണ്ടിയാണ് എഴുതിയതെന്നും അദ്ദേഹം ചോദിച്ചു. നേതാക്കളുടെ നീക്കം സോണിയയെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
എം.പിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 26 ഉന്നത കോൺഗ്രസ് നേതാക്കളാണ് കത്ത് എഴുതിയത്. കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡൻറ് വേണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം പ്രവർത്തകരിൽ ആശങ്ക ഉണർത്തുന്നുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.
കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ്, പൃഥ്വിരാജ് ചവാൻ, വിവേക് തങ്ക, ആനന്ദ് ശർമ തുടങ്ങിയ സമുന്നതരായ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരുന്നത്. സോണിയ ഗാന്ധിയെയും രാഹുലിനേയും പിന്തുണച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും രംഗത്തെത്തി. കത്ത് നിർഭാഗ്യകരമാണെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. ഹൈക്കമാൻഡിനെ ദുർബലപ്പെടുത്തുന്നത് കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.