ന്യൂഡൽഹി: കഴിഞ്ഞദിവസം രാഹുൽ ഗാന്ധി എം.പിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്ത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ കൂടെ ഇരിക്കുന്നതിന് പകരം അദ്ദേഹം അവരോടൊപ്പം പെട്ടിയുമെടുത്ത് നടക്കട്ടെയെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലായിരുന്നു ധനമന്ത്രിയുടെ വിവാദ പ്രസ്താവന.
‘അന്തർ സംസ്ഥാന െതാഴിലാളികളെ കാണാൻ പോയ രാഹുൽ ഗാന്ധിയുടേത് ശുദ്ധനാടകമാണ്. ലോക്ഡൗൺ കാലത്ത് കേന്ദ്ര സർക്കാറിെന വിമർശിക്കാതെ കുറച്ചുകൂടി ഉത്തരവാദിത്വം കോൺഗ്രസ് കാണിക്കേണ്ടതുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ അഭ്യർഥിക്കണം. കാര്യങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ എടുക്കണമെന്നാണ് സോണിയ ഗാന്ധിയോടുള്ള എെൻറ അപേക്ഷ’ -ധനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ധനമന്ത്രിയിൽനിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടാകാൻ പാടില്ലെന്ന വിമർശനം പലകോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. ‘കേന്ദ്രം അന്തർ സംസ്ഥാന തൊഴിലാളികളെ അവഗണിച്ചു, കോൺഗ്രസ് അവർക്ക് സഹായം നൽകി’ എന്നായിരുന്നു ഇതിനെതിരെ കോൺഗ്രസിെൻറ ഔദ്യോഗിക ട്വീറ്റ്. പതിനായിരങ്ങൾ ലോക്ഡൗൺ കാലത്ത് നാടണയാൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുേമ്പാൾ അവർക്ക് അൽപ്പം സാന്ത്വനം നൽകാൻ ശ്രമിക്കുന്നത് എങ്ങനെയാണ് നാടകമാകുന്നതെന്ന ചോദ്യവും ഉയർന്നു.
കഴിഞ്ഞദിവസമാണ് ഡൽഹിയിലെ ൈഫ്ലഓവറിന് താഴെ വിശ്രമിക്കുകയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ രാഹുൽ ഗാന്ധി സന്ദർശിച്ചത്. ഹരിയാനയിലെ അംബാലയിൽനിന്ന് ഉത്തർ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും കാൽനടയായി പോകുന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്. 130 കിലോമീറ്റർ പിന്നിട്ടാണ് അവർ ഡൽഹിയിലെത്തിയത്.
‘രാഹുൽ ഗാന്ധി ഞങ്ങളെ കാണാൻ വന്നിരുന്നു. നമ്മുടെ ബുദ്ധിമുട്ടുകൾ എല്ലാം അദ്ദേഹം ചോദിച്ചു മനസിലാക്കി. ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. 50 ദിവസത്തോളമായി ജോലിയില്ല. എല്ലാത്തിനും പരിഹാരം കാണാൻ എന്തെങ്കിലും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആരെങ്കിലും ഞങ്ങളെ കാണാൻ എത്തിയതിൽ അതീവ സന്തോഷം. -മഹേഷ് കുമാർ എന്ന അന്തർസംസ്ഥാന തൊഴിലാളി പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയോട് സംസാരിച്ചതിന് പിന്നാലെ ചില തൊഴിലാളികളെ ഡൽഹി പൊലീസ് പ്രതിരോധ തടവിൽ പാർപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. ‘രാഹുൽ ഗാന്ധി വരികയും തൊഴിലാളികളുമായി സംസാരിച്ചശേഷം അദ്ദേഹത്തിെൻറ അനുയായികൾ അവരുടെ വണ്ടിയിൽ തൊഴിലാളികളെ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഒരു പൊലീസുകാരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.