രാഹുൽ ഗാന്ധി എന്നെ തീവ്രവാദി എന്ന്​ വിളിച്ചു -അരവിന്ദ്​ കെജ്​രിവാൾ

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി തന്നെ തീവ്രവാദി എന്ന്​ വിളിച്ചതായി ആപ്​ നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ ആരോപിച്ചു. 'രാഹുൽ ഗാന്ധി എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നു. ഫെബ്രുവരി 20ന് അദ്ദേഹം ശരിക്കും അറിയും' -കെജ്​രിവാൾ പറഞ്ഞു. ആപ്​ നേതാവിനെ നിങ്ങൾക്ക്​ തീവ്രവാദിയുടെ വീട്ടിലും കാണാൻ കഴിയുമെന്ന്​ രാഹുൽ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു. അതിന്​ മറുപടിയുമായാണ്​ കെജ്​രിവാൾ രംഗത്തുവന്നിരിക്കുന്നത്​. സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20ന് ഒറ്റഘട്ടമായി നടക്കും. ഭരണകക്ഷിയായ കോൺഗ്രസ് വ്യവസായികളെയും സാധാരണക്കാരെയും പോലും ഭയപ്പെടുത്തുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. ആർക്ക് വോട്ട് ചെയ്യുമെന്ന് ഒരു മാധ്യമപ്രവർത്തകൻ അവരോട് ചോദിച്ചാൽ, സത്യം പറയാൻ പോലും അവർക്ക് ഭയമാണ് -കെജ്​രിവാൾ പറഞ്ഞു.

പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ മൂർധന്യത്തിൽ നിൽക്കേയാണ്​ വാക്​പോരുമായി കോൺഗ്രസ്​-ആപ്​ നേതാക്കൾ കളംനിറയുന്നത്​. ആപ്​ നേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. 'എന്ത് സംഭവിച്ചാലും ഒരു കോൺഗ്രസ് നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടിൽ ഒരിക്കലും കാണാനാകില്ല. എന്നാൽ, ചൂലിന്‍റെ (എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) ഏറ്റവും വലിയ നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടിൽ കണ്ടെത്താം.

അതാണ് സത്യം' -രാഹുൽ ഗാന്ധി പറഞ്ഞു. ബർണാലയിലെ റാലിയിൽ സംസാരിക്കവെയാണ്​ രാഹുലിന്‍റെ പരാമർശം. 2017ലെ തെരഞ്ഞെടുപ്പിൽ പഞ്ചാബ്​ മോഗയിലെ ഒരു മുൻ ഖാലിസ്ഥാൻ വാദിയുടെ വസതിയിൽ രാത്രി തങ്ങിയ കെജ്‌രിവാളിന് നേരെയുള്ള ആക്രമണമാണ്​ രാഹുൽ നടത്തിയത്​. സർക്കാർ രൂപീകരിക്കാൻ ഒരു അവസരം തേടുന്നവർ പഞ്ചാബിനെ നശിപ്പിക്കുമെന്നും സംസ്ഥാനം കത്തിക്കുമെന്നും കെജ്‌രിവാളിനെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞു. "പഞ്ചാബ് ഒരു അതിർത്തിയും സെൻസിറ്റീവും ആയ സംസ്ഥാനമാണ്, കോൺഗ്രസ് പാർട്ടിക്ക് മാത്രമേ പഞ്ചാബിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയൂ, സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ കഴിയൂ. സമാധാനം ഇല്ലാതായാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് ഞങ്ങൾക്കറിയാം," അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Rahul Gandhi Calls Me A Terrorist": Arvind Kejriwal Takes On Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.