‘രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളെ രാഹുല്‍ പ്രേരിപ്പിച്ചു' -ജെ.പി നദ്ദ

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനാധിപത്യത്തിന്‍റെ എല്ലാ അതിരുകളും ലംഘിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. ജനാധിപത്യത്തിൽ വിശ്വസിക്കാത്തവർക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും ജെ.പി നദ്ദ പറഞ്ഞു. ഭാരതീയ ജനതാ യുവമോർച്ചയുടെ നാഷണൽ യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മാനസികമായി പാപ്പരായിരിക്കുന്നുവെന്ന് ജെ.പി നദ്ദ വിമര്‍ശിച്ചു. ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞ രാഹുല്‍, രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ വിദേശ ശക്തികളെ പ്രേരിപ്പിച്ചെന്നും നദ്ദ ആരോപിച്ചു. രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് വിമര്‍ശനം.

‘എന്ത് തരം പ്രസ്താവനകളാണ് രാഹുല്‍ നടത്തുന്നത്? ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തെ കേള്‍ക്കുകയല്ല, മറിച്ച് സഹിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള ലജ്ജാകരമായ പരാമർശങ്ങളിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്ത് ഇടപെടാൻ വിദേശ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തു’- ജെ.പി നദ്ദ പറഞ്ഞു.

എന്നാല്‍ രാജ്യത്തെ അപമാനിക്കുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ വിശദീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരീന്നീ. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി തന്റെ പരാമർശം തെറ്റായി അവതരിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മാര്‍ച്ച് 13ന് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം തുടങ്ങിയപ്പോള്‍ മുതല്‍, രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിച്ചു. രാഹുല്‍ വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം.

Tags:    
News Summary - Rahul Gandhi committed sin of defaming India on foreign soil-JP.Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.