ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്ര എളുപ്പമായിരുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. യാത്ര തുടങ്ങി മൂന്നാം ദിനം തന്നെ രാഹുൽ ഗാന്ധിക്ക് മുട്ടുവേദന തുടങ്ങി. യാത്ര കേരളത്തിലേക്ക് കടന്നപ്പോൾ അതിശക്തമായ മുട്ടുവേദനകൊണ്ട് രാഹുൽ പിടയുകയായിരുന്നു. വേദന സഹിക്കവയ്യാതെ, ഒരു ഘട്ടത്തിൽ രാഹുലില്ലാതെ യാത്ര തുടരുന്നത് പോലും ആലോചിച്ചുവെന്ന് കെ.സി വേണുഗോപാൽ പറയുന്നു.
‘മൂന്നാം ദിനം യാത്ര കേരളത്തിലേക്ക് കടന്നപ്പോഴേക്കും രാഹുലിന്റെ കാൽമുട്ട് വേദന അതി കഠിനമായി. ഒരു രാത്രി അദ്ദേഹം എന്നെ വിളിച്ച് മുട്ടുവേദനയുടെ ഗുരുതരാവസ്ഥ സംബന്ധിച്ച് പറഞ്ഞു. അദ്ദേഹത്തിന് പകരം മറ്റേതെങ്കിലും നേതാവിനെ വെച്ച് യാത്ര പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു’ - വേണുഗോപാൽ പറഞ്ഞു.
‘അതിനു പിറകെ കാൽമുട്ട് വേദനയുടെ ഗുരുതരാവസ്ഥ പറയാൻ പ്രിയങ്കാ ഗാന്ധിയുടെ കോളും വന്നു. മറ്റേതെങ്കിലും മുതിർന്ന നേതാക്കളെ വെച്ച് യാത്ര തുടരാനാണ് അവർ നിർദേശിച്ചത്.’ - വേണുപഗാപാൽ കൂട്ടിച്ചേർത്തു.
യാത്ര രാഹുലില്ലാതെ പൂർത്തിയാക്കാനാകില്ലെന്നതിനാൽ ദൈവീക ഇടപെടലിനു വേണ്ടി കാത്തിരിക്കുകയായിരുന്നുശവന്നും വേണുഗോപാൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധി നിർദേശിച്ച ഫിസിയോതെറാപ്പിസ്റ്റ് യാത്രയിലെത്തി. അദ്ദേഹത്തിന്റെ ചികിത്സയിൽ രാഹുലിന് രോഗം ഭേദമാവുകയും യാത്ര തുടരുകയുമായിരുന്നു.
136 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപ്പെടെ 4000 കിലോമീറ്റർ ദൂരമാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. യാത്രയിൽ ദിവസവും രാഹുൽ നടക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.