കോൺഗ്രസിന് ലഭിക്കുന്ന പിന്തുണ മോദിയെ ഭയപ്പെടുത്തുന്നു; മുസ്‌ലിം വിദ്വേഷ പ്രസംഗത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നതായും പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

കോൺഗ്രസിന്‍റെ 'വിപ്ലവകരമായ പ്രകടനപത്രിക'ക്ക് ലഭിക്കുന്ന വൻ പിന്തുണ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. രാജ്യം ഇപ്പോൾ വിഷയങ്ങൾ അടിസ്ഥാനമാക്കി വോട്ട് ചെയ്യും. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യക്ക് വഴിതെറ്റില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചു നൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി ചോദിച്ചത്.

‘‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി ചോദിച്ചു.

അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി പറഞ്ഞു.

Tags:    
News Summary - Rahul Gandhi has strongly objected to Prime Minister Narendra Modi's remarks against the Muslim community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.