സാന്റ ക്ലാര (യു.എസ്): കാലിഫോർണിയയിലെ സാന്റ ക്ലാരയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ഖാലിസ്താൻ വാദികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് യു.എസ്.എ നടത്തിയ ‘മൊഹബത് കി ദുകാൻ’ എന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് സംഭവം.
1984ലെ കോൺഗ്രസ് ഭരണകാലത്തെ സിഖ് വിരുദ്ധ കലാപം ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെയാണ് ഖാലിസ്താൻ വാദികൾ മുദ്രാവാക്യം വിളിച്ചത്. 'ഖാലിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യവും ഖാലിസ്താൻ വാദികൾ വിളിച്ചു. ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെ (എസ്.എഫ്.ജെ) അനുകൂലിക്കുന്നവരാണ് പ്രതിഷേധം ഉയർത്തിയത്. രാഹുലിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടന്ന ഹാളിൽ നിന്ന് പുറത്താക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് പരിപാടിയിൽ രാഹുൽ ഗാന്ധി ഉയർത്തിയത്. ദൈവത്തിനേക്കാൾ വിവരമുള്ളവരാണെന്ന് ധരിക്കുന്ന ചിലർ ഇന്ത്യയിലുണ്ടെന്നും നരേന്ദ്ര മോദി അതിന് ഉദാഹരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ ആളുകൾക്ക് എല്ലാം അറിയാം എന്ന ധാരണയാണ്. അവർ ചരിത്രകാരന്മാരോട് ചരിത്രവും ശാസ്ത്രജ്ഞരോട് ശാസ്ത്രവും സൈനികരോട് യുദ്ധതന്ത്രവും വിശദീകരിക്കും -രാഹുൽ പരിഹസിച്ചു.
ഒരാൾക്ക് എല്ലാം അറിയാനാകാത്തവിധം വലുതും കുഴഞ്ഞുമറിഞ്ഞതുമാണ് ലോകം. നിങ്ങൾ മോദിക്കൊപ്പം ദൈവത്തിനരികെ ഇരുന്നാൽ, പ്രപഞ്ചം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മോദി ദൈവത്തോട് വിശദീകരിക്കുന്നത് കേൾക്കാം. താൻ എന്താണ് സൃഷ്ടിച്ചതെന്ന കാര്യത്തിൽ ദൈവത്തിനുതന്നെ ആശയക്കുഴപ്പമാകും- രാഹുലിന്റെ വാക്കുകൾ കേട്ട് സദസ്സിൽ കൂട്ടച്ചിരി പൊട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.