വാഷിങ്ടൺ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സംയുക്ത പ്രതിപക്ഷത്തിന് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനത്തെ അത്ഭുതപ്പെടുത്ത തരത്തിൽ കോൺഗ്രസ് ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുമെന്നും രാഹുൽ പറഞ്ഞു.
അമേരിക്കൻ സന്ദർശനത്തിലുള്ള രാഹുൽ, വാഷിങ്ടണ്ണിലെ നാഷനൽ പ്രസ് ക്ലബിൽ പത്രപ്രവർത്തകരോട് സംവദിക്കുകയായിരുന്നു. ‘അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല പ്രകടനം നടത്തുമെന്ന് കരുതുന്നു. ഇത് ജനങ്ങളെ അത്ഭുതപ്പെടുത്തും. സംയുക്ത പ്രതിപക്ഷം ബി.ജെ.പിയെ സ്വന്തം നിലയിൽ പരാജയപ്പെടുത്തും’ -രാഹുൽ പറഞ്ഞു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണണ്ടെന്നും രാഹുൽ വ്യക്തമാക്കി.
‘പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ചകൾ നടത്തുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കരുതുന്നു. പ്രതിപക്ഷവും ഞങ്ങളും പരസ്പരം മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ തന്നെ അതൊരു സങ്കീർണമായ ചർച്ചയാണ്. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചകൾ ആവശ്യമാണ്. പക്ഷേ, പ്രതിപക്ഷത്തിന്‍റെ മഹാ സഖ്യം രൂപപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -രാഹുൽ കൂട്ടിച്ചേർത്തു.
സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. മാനനഷ്ട കേസിൽ കോടതി വിധിയെ തുടർന്ന് ലോക്സഭാ അംഗത്വം നഷ്ടപ്പെട്ടത്തിനെ കുറിച്ചും രാഹുൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.