ന്യൂഡൽഹി: നെഹ്റു കുടുംബത്തിൽനിന്ന് ആരും കോൺഗ്രസ് പ്രസിഡന്റാകാൻ ഇല്ലെന്ന് തീർത്തുപറഞ്ഞ് രാഹുൽ ഗാന്ധി. ഇതോടെ, നെഹ്റുകുടുംബത്തിന്റെ ആശീർവാദമുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് സ്ഥാനാർഥിയാകും. രണ്ടു പദവി പറ്റില്ലെന്ന് രാഹുൽ ഗാന്ധി വിലക്കിയതിനാൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും.
മുഖ്യമന്ത്രിപദം നിലനിർത്താനും പ്രസിഡന്റാകാൻ രാഹുലിനെ പ്രേരിപ്പിക്കാനും കൊച്ചിയിലെത്തി അശോക് ഗെഹ് ലോട്ട് നടത്തിയ അവസാനവട്ട ശ്രമം ഫലിച്ചില്ല. നെഹ്റുകുടുംബത്തിനു പുറത്തുനിന്നൊരാൾ പ്രസിഡന്റാകട്ടെയെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നു. താൻ സ്ഥാനാർഥിയാകുമെന്നും പുതിയ മുഖ്യമന്ത്രിയെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിശ്ചയിക്കുമെന്നും ഇതേത്തുടർന്ന് ഗെഹ്ലോട്ട് കൊച്ചിയിൽ പ്രഖ്യാപിച്ചു.
രണ്ടു പദവിയിലും തുടരാൻ പറ്റില്ലെന്നുവന്നതോടെ, തന്റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കണമെന്ന ഗെഹ് ലോട്ടിന്റെ ആവശ്യം നെഹ്റുകുടുംബം തള്ളിക്കളഞ്ഞിട്ടില്ല. ഗെഹ് ലോട്ട് മാറിയാൽ സചിൻ പൈലറ്റാണ് രാജസ്ഥാനിലെ സ്വാഭാവിക പിൻഗാമി. ഗെഹ് ലോട്ട്-സചിൻ പോര് ഒതുക്കാൻ രാഹുൽ മുമ്പ് ഈ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ തന്റെ മന്ത്രിസഭ അട്ടിമറിക്കാൻ ശ്രമിച്ച പൈലറ്റിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കരുത് എന്നത് ഗെഹ് ലോട്ടിന്റെ പ്രധാന ആവശ്യമാണ്. മുതിർന്ന നേതാവ് സി.പി. ജോഷിയും മുഖ്യമന്ത്രിക്കസേരക്ക് ശ്രമം നടത്തുന്നുണ്ട്.
ഗെഹ് ലോട്ട് ഡൽഹിയിലെത്തി തിങ്കളാഴ്ച പത്രിക നൽകിയേക്കും. രാഹുൽ ഗാന്ധി ഇല്ലെന്ന് ഉറപ്പായതോടെ തിരുത്തൽപക്ഷം മത്സരത്തിന് തയാറെടുക്കുകയാണ്. ശശി തരൂർ സ്ഥാനാർഥിയാവും. മത്സരിക്കാനുള്ള അർഹത വിളിച്ചുപറഞ്ഞ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ്സിങ് പിന്മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുൻകേന്ദ്രമന്ത്രി മനീഷ് തിവാരി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ എന്നിവർ അന്തിമ നിലപാട് എടുത്തിട്ടില്ല. നാമനിർദേശ പത്രിക ശനിയാഴ്ച മുതൽ 30വരെ സ്വീകരിക്കും. രണ്ടു പതിറ്റാണ്ടിനുശേഷമാണ് നെഹ്റുകുടുംബത്തിനു പുറത്തൊരാൾ കോൺഗ്രസിന്റെ അമരത്തേക്ക് വരുന്നത്. 2000ത്തിലാണ് ഏറ്റവുമൊടുവിൽ മത്സരം നടന്നത്. അതേസമയം, നരസിംഹ റാവുവിനുശേഷം നെഹ്റുകുടുംബത്തിന്റെ മേധാവിത്വം അംഗീകരിക്കാത്ത പ്രസിഡന്റ് കോൺഗ്രസിന് ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.