ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ രാഹുൽ ഗന്ധി സുപ്രീംകോടതിയെ സമീപിച്ചു. തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ നൽകിയ പുനഃപരിശോധന ഹരജി അടുത്തിടെ ഹൈകോടതി തള്ളിയിരുന്നു.
ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് ഹരജി തള്ളിയത്. വിധിക്കെതിരെ ശനിയാഴ്ചയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുലിന്‍റെ അയോഗ്യത നിലനിൽക്കുകയാണ്. 2019 ഏപ്രിൽ 13ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്.
‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. തുടർന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു.
മാർച്ച് 23ന് കേസ് പരിഗണിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വർഷം വിധിച്ചു. കൂടാതെ, മേൽക്കോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.
സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന്‍റെ വയനാട് ലോക്സഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നിലവിൽ വരുകയും ചെയ്തു. ഇതിന് പിന്നാലെതാമസിച്ചിരുന്ന ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹത്തെ ലോക്സഭ സെക്രട്ടറിയേറ്റ് ഒഴിപ്പിക്കുകയും ചെയ്തു. തുടർന്ന് മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.