ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. പാർലമെന്റ് വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ച തന്നെ നടപടി ഉണ്ടായിരിക്കുകയാണ്.
അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ സ്പീക്കറെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് നൽകിയിരുന്നു. രാഹുലിന്റെ അയോഗ്യത നീക്കാനുള്ള രേഖകൾ നേരിട്ട് കൈപ്പറ്റിയില്ലെന്നും കത്ത് തപാലിൽ അയച്ചപ്പോൾ അതിൽ സീൽവെക്കാൻ തയാറായില്ലെന്നും ആരോപണമുന്നയിച്ചിരുന്നു.
രാഹുലിന്‍റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിലായിരുന്നു കോൺഗ്രസ്. ഇതിനിടയിലാണ് ഇപ്പോൾ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ചക്കെടുക്കുന്നത് ചൊവ്വാഴ്ചയാണ്. അതിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനായിരുന്നു കോൺഗ്രസ് നീക്കം.
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുലിനെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്ന പേരുള്ളത് എന്തുകൊണ്ട്?’ എന്ന പരാമർശമാണ് കേസിനടിസ്ഥാനം. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്. പൂർണേശിന്റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളിയപ്പോഴാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. പരമാവധി ശിക്ഷ വിധിക്കാൻ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ സ്‌റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.