രാജസ്ഥാനിലെ ബിക്കാനീറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി

‘ഒരൊറ്റ നീക്കം മതി രാജ്യത്തെ പട്ടിണി മാറ്റാൻ’, അധികാരത്തിലെത്തിയാൽ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതിയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ, ഒരൊറ്റ നീക്കത്തിലൂ​ടെ രാജ്യത്തെ പട്ടിണി തുടച്ചുനീക്കുമെന്ന് രാഹുൽ ഗാന്ധി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഒരുലക്ഷം രൂപ വീതം നൽകുന്നതിലൂടെ പട്ടിണിക്ക് അറുതി വരുത്താനാകുമെന്ന് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ, രാഹുൽ വിശദീകരിച്ചു.

‘കോൺഗ്രസ് സർക്കാർ വർഷത്തിൽ ഒരുലക്ഷം രൂപ വീതം രാജ്യത്തെ പാവപ്പെട്ട സ്ത്രീകൾക്ക് നൽകും. നിങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെയാണെങ്കിൽ മാസം 8500 രൂപ (വർഷം ഒരു ലക്ഷം രൂപ) അക്കൗണ്ടിലെത്തും’ - കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വിശദീകരിക്കവേ, രാഹുൽ പറഞ്ഞു. മഹാലക്ഷ്മി എന്നു പേരിട്ട പദ്ധതിയിലൂടെയാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് പണം നൽകു​ന്നത്. ദരിദ്രർക്ക് സാമ്പത്തിക സ്ഥിരതയും പിന്തുണയും വാഗ്ദാനം ചെയ്യുന്ന പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രഖ്യാപനത്തെ നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്.

കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പി സർക്കാറിനെ രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു. കർഷകരുടെ താങ്ങുവില ആവശ്യം അവഗണിക്കുന്ന മോദി തൊഴിലില്ലായ്മയും പണപ്പെരുപ്പവും കണ്ടി​ല്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ 70 കോടി ജനങ്ങളേക്കാൾ സമ്പന്നരാണ് ഇവിടെയുള്ള വെറും 22 വ്യക്തികൾ. സമ്പത്ത് ചിലരിൽ കേ​ന്ദ്രീകരിക്കുകയാണ്. കർഷകർ താങ്ങുവിലയെന്ന ആവശ്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. യുവജനങ്ങൾ തൊഴിൽ തേടി അലയുകയാണ്. ഉയരുന്ന വില വർധനവിൽനിന്ന് ആ​ശ്വാസം തേടുകയാണ് രാജ്യത്തെ വനിതകൾ. കർഷകരെ ഭീകരർ എന്നു വിളിക്കുന്ന മോദി, അവരുടെ താങ്ങുവില ആവശ്യത്തെ അവഗണിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കർഷകർ നികുതി കൊടുക്കുകയാണിപ്പോൾ’ -രാഹുൽ ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവന്റെയും പിന്നാക്കക്കാരുടെയും കർഷകരുടെയും ​പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടാതെ ബിജെ.പി വിഷയം മാറ്റുകയാണെന്നും രാഹുൽ പറഞ്ഞു. ‘രാജ്യത്തെ രണ്ടു പ്രധാന പ്രശ്നങ്ങൾ തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവുമാണ്. പക്ഷേ, അത് ബി.ജെ.പിക്കാർ പറയില്ല. നിങ്ങളുടെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് തിരിച്ചുവിടുകയാണവർ. കർഷകരുടെയും പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും പ്രശ്നങ്ങൾ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും മാധ്യമങ്ങളിൽ വാർത്തയായി വരുന്നതിനോട് അവർക് ഒട്ടും താൽപര്യമില്ല. മീഡിയയിൽ 24 മണിക്കൂറും മോദിയുടെ മുഖമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. പൊതുജനങ്ങളുടെ ​​ശബ്ദമാവുകയെന്നതാണ് മാധ്യമങ്ങളുടെ ദൗത്യം. എന്നാൽ, അവയുടെ ശതകോടീശ്വരന്മാരായ മുതലാളിമാർ ആ രീതിയിൽ പ്രവർത്തിക്കാൻ മാധ്യമങ്ങ​​ളെ അനുവദിക്കുന്നില്ല.

ഇലക്ടറൽ ബോണ്ട് വഴി വൻ വ്യവസായികളിൽനിന്ന് ബി.ജെ.പി പണം സ്വരൂപിക്കുന്ന രീതികളെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അഴിമതി ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Rahul Gandhi says Congress will eradicate poverty with single stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.