ദൈവം അയച്ചതാണെന്ന പരാമർശം: മോദിയെ അയച്ചത് അദാനി, അംബാനിമാരെ സഹായിക്കാനെന്ന് പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി: തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ ദൈവം അയച്ചതെന്നും അല്ലാതെ കർഷകരെയും തൊഴിലാളികളെയും സേവിക്കാനല്ലെന്നും രാഹുൽ പറഞ്ഞു.

ഉത്തര്‍പ്രദേശ് ഡിയോറിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കഴിഞ്ഞദിവസം ഒരു ചാനൽ അഭിമുഖത്തിലാണ് മോദി തന്നെ ദൈവം അയച്ചതാണെന്ന പരാമർശം നടത്തിയത്.

‘മോദിജി എല്ലാവരെയും പോലെ ജൈവീകമായ ആളല്ല. അംബാനിയെയും അദാനിയെയും സഹായിക്കാനാണ് അദ്ദേഹത്തിന്‍റെ പരമാത്മാവ് അയച്ചത്. പരമാത്മാവാണ് മോദിയെ അയച്ചിരുന്നെങ്കിൽ അദ്ദേഹം പാവപ്പെട്ടവരെയും കർഷകരെയും സഹായിക്കുമായിരുന്നു. ഇതെന്ത് ദൈവമാണ്, ഇത് മോദിയുടെ മാത്രം ദൈവമാണ്’ -രാഹുല്‍ പരിഹസിച്ചു.

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതി കീറി ചവറ്റുകുട്ടയിലെറിയും. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള 50 ശതമാനം റിസർവേഷൻ പരിധി ഇൻഡ്യ സഖ്യ സർക്കാർ അവസാനിപ്പിക്കുമെന്നും ഭരണഘടനയെ സംരക്ഷിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘എന്‍റെ അമ്മ ജീവിച്ചിരുന്ന കാലം വരെ, ഞാൻ ജനിച്ചത് ജൈവീകമായിട്ടാണെന്നാണ് കരുതിയിരുന്നത്. അവരുടെ വിയോഗത്തിനു ശേഷം എന്‍റെ അനുഭവങ്ങൾ നോക്കുമ്പോൾ, ഞാൻ ദൈവത്താൽ അയച്ചതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ശക്തി എന്‍റെ ശരീരത്തിൽ നിന്നല്ല. അത് എനിക്ക് ദൈവം തന്നതാണ്. അതുകൊണ്ടാണ് ദൈവം എനിക്ക് ഇത് ചെയ്യാനുള്ള കഴിവും ശക്തിയും ശുദ്ധഹൃദയവും പ്രചോദനവും നൽകിയത്’ -എന്നായിരുന്നു മോദി പറഞ്ഞത്.

Tags:    
News Summary - Rahul Gandhi says 'Modi has been sent to help Adani not poor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.