ന്യൂഡൽഹി: കെ. ചന്ദ്രശേഖര റാവുവും അദ്ദേഹത്തിന്‍റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയും (ബി.ആർ.എസ്) ബി.ജെ.പിയുടെ ബിടീമായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെ.സി.ആറിന്‍റെ പിന്തുണ കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കെ.സി.ആറിനെ അധികാരത്തിൽ നിന്ന് നീക്കണമെന്നും രാഹുൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ കോൺഗ്രസ് നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ നിർധനരായ മുതിർന്ന പൗരന്മാർക്കും വിധവകൾക്കും 4000 രൂപ പ്രതിമാസ പെന്‍ഷനായി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കർണാടകയിൽ നിന്നും അഴിമതിക്കാരും പാവപ്പെട്ടവർക്ക് വിരുദ്ധവുമായിരുന്ന ബി.ജെ.പി സർക്കാരിനെ ഞങ്ങൾ താഴെയിറക്കി. അതേ ഫലം തെലങ്കാനയിലും ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബി.ആർ.എസ് പങ്കെടുക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം തന്നെ മാറ്റി വെക്കണമെന്നായിരുന്നു തീരുമാനം. ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമാണ്. അത്തരം ഒരു പാർട്ടിയുമായി ഒരിക്കലും സഖ്യമുണ്ടാക്കാനോ, ചേർന്നിരിക്കാനോ സാധിക്കില്ലെന്നും രാഹുൽ കുട്ടിച്ചേർത്തു.
"തെലങ്കാനയിൽ ബി.ജെ.പി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇക്കുറി തെരഞ്ഞെടുപ്പ് പോരാട്ടം ബി.ജെ.പിയുടെ ബിടീമായ ബി.ആർ.എസും കോൺഗ്രസും തമ്മിലായിരിക്കും. കർഷക ബില്ലിനെതിരെ കോൺഗ്രസ് നിലനിന്നപ്പോൾ ബി.ആർ.എസും കെ.സി.ആറും ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിച്ചത്. മോദി എന്താണോ ആഗ്രഹിക്കുന്നത് അത് നിങ്ങളുടെ മുഖ്യമന്ത്രി നടത്തുന്നുണ്ട്. കാരണം കെ.സി.ആറിന്‍റെ നിയന്ത്രണം മോദിയുടെ കൈകളിലാണ്. കെ.സി.ആറിന്‍റെ അഴിമതികൾ മോദിയുടെ അനുഗ്രഹത്തോടെയാണ്" - രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, ബി.ആർ.എസ് ഒരു പാർട്ടിയുടെയും ബിടീം അല്ലെന്നും പാവങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയാണെന്നും തെലങ്കാന ധനകാര്യ മന്ത്രി ടി. ഹരീഷ് റാവു പറഞ്ഞു. ബി.ജെ.പിയുടെ അനീതികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാനാണ് ബി.ആർ.എസ് ഉടലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ നിന്നും ജനങ്ങൾ കോൺഗ്രസിനെ ഒഴിവാക്കിയത് അഴിമതിയുടെ പര്യായമായി പാർട്ടി മാറിയത് കൊണ്ടാണെന്നും റാവു ആരോപിച്ചു.
2007ൽ കോൺഗ്രസ് ആന്ധ്രപ്രദേശിൽ അധികാരത്തിലിരുന്ന കാലയളവിൽ ഭൂരഹിതരായവർക്ക് ഭൂമി നൽകണമെന്ന ആവശ്യവുമായി ഇടത് പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഖമ്മമിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കോൺഗ്രസിന്‍റെ പൊള്ളയായ വാക്കുകൾ ജനം ഇനി സ്വീകരിക്കില്ലെന്നും റാവു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.