പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് 'രാഷ്ട്രീയ നേട്ടങ്ങൾ'; മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുരസ്കാരങ്ങളേക്കാൾ രാജ്യത്തെ പെൺകുട്ടികൾക്ക് വലുത് ആത്മാഭിമാനമാണ്. രാജ്യത്തെ പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് രാഷ്ട്രീയ നേട്ടമെന്നും രാഹുൽ ​​ഗാന്ധി ചോദിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‌‌

രാജ്യത്തിന്റെ കാവൽക്കാരനായിരിക്കേണ്ട പ്രധാനമന്ത്രിയിൽ നിന്നും ഇത്തരം ക്രൂരതകൾ സംഭവിക്കുന്നതിൽ വേദനയുണ്ടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് അർജുന അവാർഡും ഖേൽ രത്ന പുരസ്കാരവും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ വെച്ച് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നേരത്തെ മെഡൽ തിരിച്ചേൽപ്പിച്ച ​ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുൽ ഗാന്ധി നേരിൽക്കണ്ട് സംസാരിച്ചിരുന്നു. ​ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ലൈം​ഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷൺ സിങ്ങിന്റെ അനുയായിസഞ്ജയ് സിങ്ങിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് നിമിഷങ്ങൾക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിക്കുന്നെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഗുസ്തി താരങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ബ്രിജ് ഭൂഷണെതിരെ തങ്ങൾ ആവശ്യപ്പെട്ട തരത്തിലുള്ള നടപടിയുണ്ടാവുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. 

Tags:    
News Summary - Rahul Gandhi slams Narendra Modi over wrestlers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.