'അഗ്നിപഥ് പദ്ധതിയിൽ ഇടപെടണം'; രാഷ്ട്രപതിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും പരിധിയിലും വിവേചനം ഉണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി അഗ്‌നിപഥ് പദ്ധതിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി.

ഇന്ത്യയുടെ സായുധ സേനയുടെ പരമോന്നത കമാൻഡർ ആയതിനാൽ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന അഗ്നിവീരന്മാർക്ക് നീതി നൽകണമെന്ന അഭ്യർഥനയോടെയാണ് താൻ കത്തെഴുതുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

"സാധാരണ സൈനികരെ അപേക്ഷിച്ച് കൊല്ലപ്പെട്ട അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും വ്യാപ്തിയിലും ഉള്ള വിവേചനം രാഷ്ട്രപതിയുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്നു"-രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.

മാതൃരാജ്യത്തിനായി ഏറ്റവും ഉയർന്ന ത്യാഗം ചെയ്യുന്ന ഏതൊരു സൈനികനും ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ അഗ്നിവീരന്മാർക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തി, ജീവൻ ത്യജിച്ച അഗ്നിവീർ സൈനികർക്ക് നീതി നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2022ൽ മോദി സർക്കാർ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തെ കരാർ വ്യവസ്ഥയിലാണ് സേനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. നാലു വർഷ സേവനത്തിനു ശേഷം 75 ശതമാനം പേരെ പിരിച്ചുവിടും. ഇവർക്ക് സാധാരണ ഗതിയിൽ സൈനികർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു എന്ന് കാണിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - Congress leader Rahul Gandhi writes to President Droupadi Murmu on Agnipath scheme, urges her to intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.