മുംബൈ: ഭാരത് ജോഡോ യാത്ര പൂർത്തിയായി ഒരു വർഷത്തിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിൽ നിന്ന് തുടക്കം കുറിച്ച ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ സമാപനം. രണ്ട് മാസം കൊണ്ട് വാഹനത്തിലും കാൽനടയായും 6713 കിലോമീറ്റർ പിന്നിട്ടാണ് ന്യായ് യാത്ര ഇന്ന് മുംബൈ ദാദറിലെ മഹാറാലിയോടെ സമാപിക്കുന്നത്. കോൺഗ്രസ് നേതാക്കളും ഇൻഡ്യ മുന്നണിയിലെ പ്രമുഖരും റാലിയിൽ പങ്കെടുക്കും.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നാണ് രാഹുൽ ഗാന്ധി ന്യായ് യാത്ര തുടങ്ങിയത്. ‘എല്ലാവർക്കും നീതി വേണം’ എന്നതാണ് ന്യായ് യാത്രയുടെ പ്രധാന മുദ്രാവാക്യം. വനിതകൾ, യുവാക്കൾ, സാധാരണ ജനങ്ങൾ അടക്കം എല്ലാവർക്കും നീതി വേണമെന്നാണ് യാത്ര കൊണ്ട് ലക്ഷ്യമിടുന്നത്.
കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭ മണ്ഡലങ്ങളിലൂടെയും 110 ജില്ലകളിലൂടെയും കടന്നുപോയ യാത്ര ഹിന്ദി ഹൃദയഭൂമിയിലും സാന്നിധ്യം അറിയിച്ചു. മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒറീസ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് യാത്ര കടന്നു പോയ സംസ്ഥാനങ്ങൾ.
യാത്ര കടന്നുപോയ 100 ലോക്സഭ മണ്ഡലങ്ങളിൽ 58ഉം ഹിന്ദി മേഖലയിലൂടെയാണ്. യു.പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം ബി.ജെ.പി ശക്തികേന്ദ്രങ്ങളായ 28 ലോക്സഭ മണ്ഡലങ്ങളും ഉൾപ്പെടും. കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ക്ഷീണമുണ്ടായ യു.പിയിൽ 11 ദിവസമാണ് രാഹുൽ ഗാന്ധി പര്യടനം നടത്തിയത്.
മോദി സർക്കാറിന്റെ 10 വർഷത്തെ അന്യായ കാലത്തിനെതിരെയാണ് കോൺഗ്രസ് ന്യായ് യാത്ര നടത്തിയത്. യാത്രയിൽ ഉടനീളം മോദി സർക്കാറിനും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാന സർക്കാറുകൾക്കും എതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. സാമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ടവരുടെ യാത്രക്കിടെ രാഹുൽ സംവദിച്ചു. കൂടാതെ, ന്യായ് യാത്രയുടെ ഭാഗമായി വിവിധ നഗരങ്ങളിൽ വൻ ബഹുജന റാലികളും കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോയ യാത്രയിൽ ഇൻഡ്യ മുന്നണിയിലെ നേതാക്കളും പങ്കാളികളായി.
കന്യാകുമാരി മുതല് കശ്മീര് വരെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വൻ വിജയമായിരുന്നു. 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് കാൽനടയാത്ര ആരംഭിച്ചത്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ (ഒരുമിച്ച് നടക്കൂ, രാജ്യത്തെ ഒന്നിപ്പിക്കൂ) എന്നതായിരുന്നു ജോഡോ യാത്രയുടെ മുദ്രാവാക്യം. 3970 കിലോമീറ്റർ ദൂരം പിന്നിട്ട യാത്ര 2023 ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 136 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയാണ് ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്ര കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.