ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്തതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ അംഗത്വം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് നൽകി.
സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പും ഇതോടൊപ്പം കൈമാറിയിട്ടുണ്ട്. എന്നാൽ, ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിൽനിന്ന് സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. രാഹുലിന്റെ അയോഗ്യത നീക്കാനുള്ള രേഖകൾ നേരിട്ട് കൈപ്പറ്റിയില്ല. രേഖകൾ സെക്രട്ടറി ജനറലിന് കൈമാറാനാണ് സ്പീക്കർ നിർദേശിച്ചത്. സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫിസ് അവധിയാണെന്നും കത്ത് സ്പീക്കർക്ക് കൈമാറാനും പറഞ്ഞു. കത്ത് തപാലിൽ അയച്ചെങ്കിലും അതിൽ സീൽവെക്കാൻ അവർ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുലിനെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. പരമാവധി ശിക്ഷ വിധിക്കാൻ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ സ്‌റ്റേ ചെയ്തത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം.
ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നതിൽ ബോധപൂർവമായ കാലതാമസം സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സ്പീക്കറെ വിവാദത്തിൽ നിർത്താൻ ഉദ്ദേശ്യമില്ലെന്നായിരുന്നു രഞ്ജൻ ചൗധരിയുടെ മറുപടി. സ്പീക്കറോട് എനിക്ക് വലിയ ബഹുമാനമാണ്. ഞങ്ങളുടെ അവകാശങ്ങൾ മാത്രമാണ് ചോദിക്കുന്നത്. പ്രത്യേക സൗകര്യങ്ങളൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.