ന്യൂഡൽഹി: കൊല്ലപ്പെട്ട പിതാവിനെ രാഷ്ട്രീയ പ്രചാരണത്തിലേക്ക് വലിച്ചിഴച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാഹുൽ-മോദി നേർക്കുനേർ വാക്പയറ്റ്.
ചുറ്റുമുള്ളവർ മിസ്റ്റർ ക്ലീൻ എന്നുവിളിച്ച് കൊണ്ടുനടന്നെങ്കിലും നിങ്ങളുടെ പിതാവിെൻറ ജീവൻ അവസാനിച്ചത് അഴിമതിക്കാരിൽ ഒന്നാമനായാണ് എന്നായിരുന്നു ലഖ്നോവിൽ പൊതുയോഗത്തിൽ മോദി പറഞ്ഞത്. ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയെ മോദി ആക്ഷേപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നു.
1980കളിലെ ബോഫോഴ്സ് തോക്കിടപാടിനെ പേരാക്ഷമായി ഒാർമിപ്പിച്ചായിരുന്നു മോദിയുടെ വിമർശനം. എന്നാൽ, ‘മോദിജി, പോരാട്ടം അവസാനിച്ചു. കർമഫലം താങ്കളെ കാത്തിരിക്കുന്നുവെന്നായിരുന്നു’ രാഹുലിെൻറ മറുപടി. ‘‘താങ്കൾക്കുള്ളിൽ താങ്കളെക്കുറിച്ചുതന്നെയുള്ള വിചാരങ്ങളെ എെൻറ പിതാവിനുമേൽ ഉയർത്തിക്കാണിക്കരുത്’’ എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ‘‘എെൻറ എല്ലാ സ്നേഹവും വലിയ ആലിംഗനവും’’ എന്നുപറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിച്ചത്.
രക്തസാക്ഷികളുടെ പേരിൽ വോട്ടുപിടിക്കുന്ന പ്രധാനമന്ത്രി മാന്യനായ ഒരു മനുഷ്യെൻറ രക്തസാക്ഷിത്വത്തെ അപമാനിച്ചുവെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അമേത്തിയിലെ ജനങ്ങൾ ഇതിന് ഉചിതമായ മറുപടി നൽകും. അമേത്തിയിലെ ജനങ്ങൾക്കായി രാജീവ് ഗാന്ധി ജീവിതം നൽകിയെന്നും രാജ്യം ഇതിെനാരിക്കലും മാപ്പുനൽകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈകോടതി തള്ളിക്കളഞ്ഞ കേസാണ് മോദി രാജീവ് ഗാന്ധിക്കെതിരെ ഉന്നയിച്ചതെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം കുറ്റപ്പെടുത്തി. എന്നാൽ, മോദിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും പ്രകാശ് ജാവ്ദേക്കറും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.