ആറ്റിങ്ങൽ: ജോലി ചെയ്തിട്ട് സമയത്ത് കൂലിയില്ലാത്ത അവസ്ഥയാണ് ഇപ്പൊഴുള്ളതെങ്കിൽ കോൺഗ്രസ് നേതൃത്വത്തിലെ സർക്കാർ വരുന്നതോടെ അതിൽ മാറ്റംവരുമെന്ന് രാഹുൽ ഗാന്ധി. ജോലി ചെയ്യാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തിക്കും. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആറ്റിങ്ങൽ എസ്.എസ് പൂജ കൺവെൻഷൻ സെന്ററിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി ഉറപ്പുനൽകിയതുപോലെ ന്യായ് പദ്ധതിയിലൂടെ ജോലി ചെയ്യാതെ തന്നെ വരുമാനം ഉറപ്പുനൽകുന്നു.
മാസം 6000 രൂപ വീതം 72000 രൂപ പ്രതിവർഷം ലഭിക്കും. അനാവശ്യ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്ന് കേന്ദ്ര സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ഒരു പഞ്ചായത്തിൽ 20 വാർഡുകളിൽ മാത്രമാണ് ഒരുദിവസം തൊഴിൽ നൽകാൻ അനുമതിയുള്ളത്. ഉത്സവബത്ത ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾക്ക് 100 തൊഴിൽദിവസങ്ങളെങ്കിലും പൂർത്തീകരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്നതുമൂലം അത്തരം ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടന്ന് തൊഴിലാളികൾ പറഞ്ഞു.
നാവായിക്കുളം പഞ്ചായത്തിൽനിന്നുള്ള സുഗന്ധി, സന്ധ്യ, പള്ളിക്കൽ പഞ്ചായത്തിൽ നിന്നുള്ള ഫാത്തിമ, ഹസീന എന്നിവർ തൊഴിലാളികളുടെ പ്രശ്നങ്ങൾ വിശദീകരിച്ച് സംസാരിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ന്യായമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് രാഹുൽ ഉറപ്പുനൽകി. മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജോഡോ യാത്ര സംസ്ഥാന കോഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, പരിപാടിയുടെ കോഓഡിനേറ്റർമാരായ അഡ്വ. സവിൻ സത്യൻ, എം.എം. താഹ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.