കൊൽകത്ത: ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്പ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകർക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. പൊലീസ് കമ്മീഷണറെ കസ്റ്റഡിയിൽ എടുക്കാൻ ഉള്ള സി.ബി.ഐ നടപടിയെ തടഞ്ഞ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണച്ച രാഹുൽ മമതാ ബാനർജിയുമായി ഫോണിൽ സംസാരിച്ചെന്നും ട്വിറ്ററിൽ കുറിച്ചു.
അതേസമയം മമത ആരംഭിച്ച ധർണ തുടരുകയാണ്. അവരെ അനുകൂലിച്ച് മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ വേട്ടയാടാനായി മോദി സർക്കാർ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. മമത ബാനർജിക്ക് പിന്തുണയുമായി എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ , ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ രംഗത്തെത്തി.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ബി.ഐയുടെ ചുമതലയുള്ള എം. നാഗേശ്വരറാവു പ്രതികരിച്ചു. സി.ബി.ഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും മമത ബാർജിയുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് മമതാ ബാനർജി സ്വീകരിച്ചതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.