ന്യൂഡല്‍ഹി: സമയബന്ധിതമായി മികച്ച വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കാമെന്ന് പറഞ്ഞതിനു ശേഷം കോവിഡിന് കീഴടങ്ങിയ നടന്‍ രാഹുല്‍ വോറയുടെ ഹൃദയഭേദകമായ വീഡിയോ ഭാര്യ പുറത്തുവിട്ടു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ആശുപത്രി കിടക്കയില്‍നിന്ന് നടന്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഭാര്യ ജ്യോതി തിവാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
രാഹുല്‍ മരിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം, പക്ഷേ എങ്ങിനെയെന്ന് ആര്‍ക്കും അറയില്ല. ഇത് ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. ഇങ്ങനെയാണ് രോഗികളോട് അവര്‍ പെരുമാറുന്നത് എന്ന കുറിപ്പോടെയാണ് ജ്യോതി തിവാരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓക്‌സിജന്‍ മാസ്‌ക് ഉള്ളപ്പോള്‍ തന്നെ രാഹുല്‍ ശ്വാസോച്ഛ്വാസത്തിന് കഷ്ടപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇന്ന് ഇതിന് ഒരുപാട് വിലയുണ്ട്. ഇതില്ലെങ്കില്‍ രോഗിക്ക് ദുരിതമായിരിക്കും. എന്നാല്‍, ഇതില്‍ ഒന്നുമില്ലെന്നും അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് കാണിച്ച് പറയുന്നു.
സഹായത്തിന് വിളിക്കുമ്പോള്‍ ആശുപത്രിയിലെ ആരും വരുന്നില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ വരിക. ഞാനെന്താണ് ചെയ്യേണ്ടത്? -രാഹുല്‍ ചോദിക്കുന്നു.
മരണത്തോട് മല്ലിടുന്ന രാഹുല്‍മാരെ രക്ഷിക്കാന്‍ വേണ്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജ്യോതി കുറിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുല്‍ അറോറ ശ്രദ്ധേയനായത്. തന്റെ മോശം ആരോഗ്യ സ്ഥിതിയെകുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ശനിയാഴ്ച ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചതിനു ശേഷമാണ് 35കാരനായ നടന്റെ മരണം.
സുഹൃത്തുക്കളടക്കം നിരവധിയാളുകള്‍ നടന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കോവിഡ് ശ്വാസകോശത്തെ ബാധിച്ചതിനാല്‍ ശ്രമം വിഫലമായി.
'നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാല്‍ കുറച്ചു കൂടി നല്ല രീതിയില്‍ ജോലി ചെയ്യണം. എന്നാല്‍ എനിക്കിപ്പോള്‍ എല്ലാ ധൈര്യവും നഷ്ടപ്പെട്ട' -ഇങ്ങനെയായിരുന്നു അവസാന സോഷ്യല്‍ മീഡിയ കുറിപ്പ്. തന്റെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയില്‍ ചികിത്സയിലുള്ള വിവരങ്ങളും ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.