ന്യൂഡൽഹി: കോവിഡ് കാലത്ത് സാധാരണ സർവിസ് ഇല്ലാതായപ്പോൾ റെയിൽവേ നിർത്തിവെച്ച യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുതിർന്ന പൗരന്മാർ, സൈനികരുടെയും പൊലീസുകാരുടെയും വിധവകൾ, മാധ്യമ പ്രവർത്തകർ തുടങ്ങി 53 വിഭാഗങ്ങൾക്ക് നൽകിയിരുന്ന ഇളവിൽ നിന്ന് 37 വിഭാഗങ്ങളെയാണ് കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ നീക്കിയത്.
മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റെയിൽവേ മന്ത്രാലയത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ നിർത്തലാക്കിയ ഇളവുകൾ പുനഃസ്ഥാപിക്കില്ല. ഭിന്നശേഷിക്കാരിലെ നാല് വിഭാഗങ്ങൾ, രോഗികളിലെ 11 വിഭാഗങ്ങൾ, വിദ്യാർഥികൾ എന്നിവർക്ക് മാത്രമാണ് ഇളവുള്ളത്. നേരത്തെ ഇളവുകൾ ലഭിച്ച് വന്ന എല്ലാ വിഭാഗം യാത്രക്കാരിലേക്കും വ്യാപിപ്പിക്കാൻ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
ദാരിദ്ര്യരേഖക്ക് താഴെയുള്ള യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ കൊണ്ടുവരുന്നതിൽ സർക്കാറിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. മുതിർന്ന പൗരന്മാരെന്ന നിലയിൽ 58 വയസ്സ് തികഞ്ഞ സ്ത്രീകൾക്കും 60 വയസ്സ് തികഞ്ഞ പുരുഷന്മാർക്കും നൽകിയിരുന്നത് ടിക്കറ്റ് നിരക്കിൽ യഥാക്രമം 50 ശതമാനവും 40ശതമാനവും ഇളവായിരുന്നു. ഇളവ് ഇല്ലാത്തതിനെ തുടർന്ന് കോവിഡ് കാലത്ത് ഒന്നര വർഷത്തിനുള്ളിൽ 3,78,50,628 മുതിർന്ന പൗരന്മാർക്ക് മുഴുവൻ നിരക്കും നൽകി യാത്ര ചെയ്യേണ്ടി വന്നിരുന്നു. 2019-2020 നെ അപേക്ഷിച്ച് 2020-21 വർഷത്തിൽ റെയിൽവേ യാത്രികരിൽ നിന്ന് ലഭിച്ച വരുമാനം വളരെ കുറവാണെന്നും അതിനാൽ ഇളവുകൾ അനുവദിക്കുന്നതിനുള്ള ചെലവ് അധിക ഭാരമാകുമെന്നും ന്യായീകരണമായി മന്ത്രി നിരത്തി.
വിവിധ വിഭാഗങ്ങൾക്ക് നൽകിയിരുന്ന ഇളവുകൾ നിർത്തലാക്കിയതിന്റെ കാരണം ആരാഞ്ഞ വഹാബ്, ഇളവുകൾ പുനഃസ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടോയെന്നാണ് ചോദിച്ചത്. ബി.പി.എൽ വിഭാഗത്തിൽപെട്ട യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകുമോ എന്നും ചോദ്യത്തിലുണ്ടായിരുന്നു.
ദൂരയാത്രക്കായി റെയിൽവേയെ ആശ്രയിക്കുന്ന ദരിദ്രരോടും അധഃസ്ഥിതരോടും മുതിർന്നവരോടുമുള്ള കേന്ദ്ര സർക്കാറിന്റെ പ്രതിബദ്ധതയില്ലായ്മയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് അബ്ദുൽ വഹാബ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.