ന്യൂഡൽഹി: കൂട്ടിയിടി ഒഴിവാക്കാനായി നടപ്പാക്കിയ ‘കവച്’ സംവിധാനം ഉണ്ടായിരുന്നെങ്കിൽപോലും ബാലസോർ ട്രെയിൻ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയും ബോർഡ് മെംബറും. ‘വന്ദേ ഭാരത് പോലുള്ള ആഡംബര ട്രെയിനുകൾക്ക് കോടികൾ ചെലവിടുന്ന കേന്ദ്ര സർക്കാർ റെയിൽവേ സുരക്ഷക്കുള്ള ‘കവച്’ രാജ്യത്തെ 98 ശതമാനം റെയിൽ പാളത്തിലും സ്ഥാപിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണം.
128 കി.മീ വേഗത്തിൽ വരുന്ന കോറമാണ്ഡൽ എക്സ്പ്രസിന് പച്ച സിഗ്നൽ ലഭിച്ചതാണ്. ‘കവച്’ ഉണ്ടായിരുന്നുവെങ്കിലും കേവലം 100 മീറ്റർ അകലെ നിന്ന് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ലെന്നും അത്രയും വേഗത്തിൽ വരുന്ന ട്രെയിൻ നിൽക്കണമെങ്കിൽ 600 മീറ്റർ ദൂരമാകുമ്പോഴെങ്കിലും കവചിൽ നിന്നുള്ള സിഗ്നൽ ലഭിക്കേണ്ടതാണെന്നും ബോർഡ് അംഗം പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ എല്ലാ പാളങ്ങളും 8000 ലോക്കോമോട്ടീവുകളും ‘കവച്’ സംരക്ഷണത്തിൻ കീഴിലാക്കാൻ സാമ്പത്തികചെലവും സമയവും ആവശ്യമാണെന്നും ഇതിനകം 13,000 കോടി രൂപയാണ് ‘കവച്’ ഒരുക്കാൻ വിനിയോഗിച്ചതെന്നും അവർ വ്യക്തമാക്കി.
റെയിൽവേയുടെ വീഴ്ച തന്റെ സാന്നിധ്യത്തിൽ ചൂണ്ടിക്കാണിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയായി പൂർണമായും സുതാര്യതയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തിനുള്ള സമയമല്ലിതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
യു.പി.എ സർക്കാറിന്റെ കാലത്ത് കേന്ദ്ര റെയിൽവേ മന്ത്രി മമത ബാനർജിക്ക് കീഴിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാൻ മന്ത്രാലയം 2011-12ൽ വിഭാവനം ചെയ്ത സാങ്കേതിക വിദ്യയായ ‘ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം’(ടി.സി.എ.എസ്) ‘കവച്’ എന്ന് പുനർനാമകരണം ചെയ്ത് അവതരിപ്പിച്ച മോദി സർക്കാർ രാജ്യത്തെ 98 ശതമാനം റെയിൽപാളങ്ങളിലും അത് നടപ്പാക്കിയില്ലെന്ന് തൃണമൂൽ കുറ്റപ്പെടുത്തിയിരുന്നു. 68,043 കി.മീ ദൈർഘ്യമുള്ള ഇന്ത്യൻ റെയിൽവേയുടെ രണ്ട് ശതമാനം വരുന്ന 1445 കിലോമീറ്റർ ദൂരമാണ് ‘കവചി’ന്റെ സുരക്ഷാകവചമൊരുക്കിയതെന്നും തൃണമൂൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.