പട്ന: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എ.ഐ.എസ്.എ) വെള്ളിയാഴ്ച ബിഹാറിൽ ബന്ദിന് ആഹ്വാനം ചെയ്തു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നോൺ ടെക്നിക്കൽ വിഭാഗത്തിലേക്കുള്ള മത്സര പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ബിഹാർ മഹാഗഥ്ബന്ധൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 15ന് നടന്ന ആദ്യഘട്ട പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം തുടങ്ങിയത്. കൂടാതെ റിക്രൂട്ട്മെന്‍റ് പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു.
2019 ലെ സർക്കാർ വിജ്ഞാപനത്തിൽ ഒരു പരീക്ഷ മാത്രമാണ് റെയിൽവേ പരാമർശിച്ചതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച റെയിൽവേ മന്ത്രാലയം, പരീക്ഷയുടെ രണ്ടാം ഘട്ടം (CBT-II) നടത്തുമെന്ന് അറിയിപ്പിൽ ആദ്യമേ വ്യക്തമാക്കിയതായി അറിയിച്ചു.
റിക്രൂട്ട്‌മെന്റ് പരീക്ഷക്കെതിരെ നടന്ന പ്രതിഷേധത്തിൽ വ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ റെയിൽവേയുടെ എൻ.ടി.പി.സി, ലെവൽ വൺ ടെസ്റ്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് . റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ കീഴിലുള്ള പരീക്ഷകളിൽ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും പരാതികൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയും ഇതിന്‍റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.