മുംബൈ: കനത്തമഴയെതുടർന്ന് പ്രളയത്തിൽ മുങ്ങിയ മുംബൈ നഗരം ബുധനാഴ്ച മഴ ചെറുതായി ശമിച്ചതോടെ സാധാരണനിലയിലേക്ക് മടങ്ങാൻ തുടങ്ങി. മഴയുടെ ശക്തി കുറഞ്ഞതോടെ നഗരത്തിലെ പലയിടങ്ങളിലും വെള്ളമിറങ്ങി. ലോക്കൽ ട്രെയിനുകൾ ചൊവ്വാഴ്ച രാത്രിയോടെ ഭാഗികമായി ഒാടിത്തുടങ്ങി. പേമാരിയെത്തുടർന്ന് മുംബൈയിലും താനെയിലും പാൽഗാറിലുമായി 10 പേർ മരിച്ചു. ഇതിൽ രണ്ടുപേർ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന വിഗ്രഹ നിമഞ്ജനത്തിനിടെ ഒഴുക്കേറിയ നദിയിൽ ഒലിച്ചുപോകുകയായിരുന്നു. നഗരത്തിന് സമീപമുള്ള വിക്റോളിയിൽ രണ്ടിടത്ത് വീടുകൾ തകർന്ന് രണ്ട് കുട്ടികളടക്കം മൂന്നുപേർ മരിച്ചു. താനെയിൽ 32 വയസ്സുള്ള സ്ത്രീയും കൗമാരക്കാരിയും മരിച്ചു. ഇവിടെ രണ്ടുപേർക്ക് പരിക്കുണ്ട്. കാറ്റിലും മഴയിലും അസൽഫ ഗ്രാമത്തിൽ വീടിന് മുകളിൽ വൈദ്യുതി പവർസ്റ്റേഷെൻറ ചുമർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. വിരാർ, വാഷി ജില്ലകളിലായി രണ്ടുപേരെ കാണാതായി. ഇവരുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.
2005ലെ പ്രളയത്തിനുശേഷം പെയ്ത ഏറ്റവും ശക്തമായ മഴയിൽ ജനജീവിതം നിശ്ചലമായിരുന്നു. കഴിഞ്ഞദിവസങ്ങെളക്കാൾ മഴ കുറയാനാണ് സാധ്യതയെങ്കിലും ചിലയിടങ്ങളിൽ കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുംബൈ, തെക്കൻ ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. റെയിൽ പാളങ്ങളിൽനിന്ന് വെള്ളം ഒഴിഞ്ഞതോടെ വെസ്റ്റേൺ, സെൻട്രൽ, ഹാർബർ ലൈനുകളിൽ ട്രെയിനുകൾ വേഗംകുറച്ച് സർവിസ് നടത്തി. പലയിടത്തും റെയിൽപാളങ്ങൾ വെള്ളത്തിലായതോടെ ട്രെയിനുകളിലും സ്റ്റേഷനുകളിലുമായി പതിനായിരങ്ങളാണ് കുടുങ്ങിയത്. ദീർഘദൂര സർവിസുകളും താളം തെറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.