മുംബൈ: നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകളിൽ വിൽപന നടത്തിയ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ െപാലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്.
തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് മുംബൈ പൊലീസ് കമീഷണർ ഹേമന്ദ് നഗ്രാലെ പറഞ്ഞു.
വെബ് സീരിയലുകളിൽ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീകളെ അഭിനയിക്കാനായി കൊണ്ടുവന്ന് ഇത്തരം ചിത്രങ്ങളിൽ വേഷമിടാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. നിശ്ചിത തുക ഈടാക്കി ഈ സിനിമകൾ മൊബൈൽ ആപുകളിൽ ലഭ്യമാക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അശ്ലീല സിനിമകൾ വിൽപന നടത്തുന്ന കമ്പനികളിലൊന്നുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയുടെ പേര് പുറത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മഹാരാഷ്ട്ര സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത സമാന കേസിലും അദ്ദേഹം പ്രതിയാണ്. ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് നടപടി.
വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.