ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമചിത്രം തെളിയവേ തിരിച്ചടിയേറ്റ് കോൺഗ്രസ്. കൈയിലിരുന്ന രണ്ട് സംസ്ഥാനങ്ങളിൽ അധികാരം നഷ്ടമായപ്പോൾ ആശ്വസിക്കാനുള്ളത് തെലങ്കാനയിലെ വിജയം മാത്രം. ബി.ജെ.പിയോട് നേർക്കുനേർ പോരാടിയ മൂന്നിടത്തും- രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്- കോൺഗ്രസിന് പരാജയം രുചിക്കേണ്ടിവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയം ഫലത്തിൽ ഇൻഡ്യ മുന്നണിക്കും തിരിച്ചടിയാണ്.
മധ്യപ്രദേശിൽ കനത്ത ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് ബി.ജെ.പിയുടെ ജയം. ഹിന്ദി ബെൽറ്റിലെ നിർണായ സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വിജയം കാവിപ്പാർട്ടിക്ക് വരും തെരഞ്ഞെടുപ്പുകളെ നേരിടാൻ ഏറെ ആത്മവിശ്വാസം നൽകും. മധ്യപ്രദേശിൽ മൂന്നിൽ രണ്ട് സീറ്റുകൾ ബി.ജെ.പിക്കുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ ശക്തമായ പോരാട്ടം നടക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളിലെ പ്രവചനം. രാജസ്ഥാനിൽ അധികാരം തിരിച്ചുപിടിച്ച് കോൺഗ്രസിന്‍റെ ആത്മവിശ്വാസത്തെ തന്നെ തകർത്തിരിക്കുകയാണ് ബി.ജെ.പി. കോൺഗ്രസിന്‍റെ ഉൾപ്പാർട്ടി സംഘർഷങ്ങളിലേക്കുൾപ്പടെ വിരൽചൂണ്ടുന്നതാണ് രാജസ്ഥാനിലെ ബി.ജെ.പി ജയം.
ഛത്തീസ്ഗഡിലും ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചു. കോൺഗ്രസ് നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പലതും വാഗ്ദാനങ്ങൾ മാത്രമായി അവശേഷിച്ചപ്പോൾ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങൾ നിരത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളും കോൺഗ്രസിന് തിരിച്ചടിയായി.
തെലങ്കാനയിൽ മിന്നും ജയമാണ് കോൺഗ്രസ് നേടിയത്. അധികാരത്തിലുള്ള ബി.ആർ.എസിനെയും വാഗ്ദാനപ്പെരുമഴയുമായെത്തിയ ബി.ജെ.പിയെയും ഒരുപോലെ നേരിട്ടാണ് കോൺഗ്രസ് ജയം. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തന്നെ മുന്നിൽ നിന്നയാളാണ് നിലവിലെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. രണ്ടുതവണത്തെ തെരഞ്ഞെടുപ്പിലും ചന്ദ്രശേഖർ റാവു തെലങ്കാനയുടെ നായകനായപ്പോൾ ഇത്തവണ കോൺഗ്രസിന് മുന്നിൽ അടിപതറി. രണ്ടിടത്ത് മത്സരിച്ച ചന്ദ്രശേഖർ റാവു കാമറെഡ്ഡി മണ്ഡലത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനോട് പരാജയപ്പെടുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.