ജയ്പുർ സഹകാർ മാർഗിലെ 10ാം നമ്പർ ബംഗ്ലാവ് രാവിലെ എട്ടരയായപ്പോൾതന്നെ സജീവം. റോഡു വക്കിൽ രണ്ട് പ്രചാരണ വാഹനങ്ങൾ. കൊടികെട്ടിയ സൈക്കിൾ റിക്ഷ, അതുവേറെ. ഗേറ്റ് കടന്ന് ഉള്ളിലേക്ക് ചെന്നാൽ പാചകപ്പുരയിൽ എത്തിയ മട്ട്. രണ്ടു പേർ ചേർന്ന് സ്റ്റൗവിൽ പ്രഭാത ഭക്ഷണം തയാറാക്കുന്നു.
മൂന്നു നാലു ഗ്യാസ് സിലിണ്ടറുകൾ, ഡസ്ക്, ബെഞ്ച് എല്ലാം റെഡി. പ്രചാരണം നടത്തുന്ന പ്രവർത്തകർ വരുമ്പോഴേക്ക് കഴിക്കാനാണ്. വരാന്തയിൽ രണ്ടു പേർ പോസ്റ്ററും ലഘുലേഖയുമൊക്കെ അടുക്കുന്നു --ഇത് രാജസ്ഥാനിലെ ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ്.
അകത്തെ മുറികളിൽ ഒച്ചയനക്കമായിട്ടില്ലെങ്കിലും സംസ്ഥാന പ്രസിഡന്റ് നവീൻ പാലിവാൾ രാവിലെത്തന്നെ കർമനിരതൻ. ഫോണിൽ ആരെയോ വിളിച്ച് സന്നാഹമൊരുക്കുന്നു; വോട്ട് അഭ്യർഥിക്കുന്നു. ആഗതനെ കണ്ടപ്പോൾ ചർച്ച പിന്നീടാകാമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.
‘മാഹോൽ കൈസേ ഹെ?’ എന്ന് തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് ചോദിക്കേണ്ട താമസം, പാലിവാൾ വിവരണത്തിൽ കൊടുവാളായി. ‘‘ഇത്തവണ നിയമസഭയിൽ ഞങ്ങൾ അക്കൗണ്ട് തുറക്കും’’ -അദ്ദേഹത്തിന് തികഞ്ഞ ആത്മവിശ്വാസം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 142 സീറ്റിൽ മത്സരിച്ച് അര ശതമാനം മാത്രം വോട്ടു പിടിച്ച ആം ആദ്മി പാർട്ടിക്ക് അതിന് എങ്ങനെ കഴിയുമെന്ന ചോദ്യത്തിനു മുന്നിൽ സംസ്ഥാന പ്രസിഡന്റിന് അർഥശങ്കയൊന്നുമില്ല. കാലം പിന്നെയും അഞ്ചു വർഷം മുന്നോട്ടുപോയിരിക്കുന്നു.
രണ്ടിടത്ത് പാർട്ടി ഭരിക്കുന്നു. ദേശീയ പാർട്ടിയെന്ന പദവിയും നേടി. കോൺഗ്രസിനെയും ബി.ജെ.പിയേയും മടുത്തവർ ബദൽ തേടുന്നുണ്ട്. അതിന് ഉത്തരം ആം ആദ്മി പാർട്ടിയാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ആപ് 50,000ൽപരം വോട്ടുപിടിച്ച ചരിത്രവും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇത്തവണ 200ൽ 86 സീറ്റിലാണ് മത്സരം. ഇൻഡ്യ മുന്നണിക്കു വേണ്ടിയാണ് 142ൽനിന്ന് 86ലേക്ക് മത്സരം ചുരുക്കിയതെന്നു കരുതിയാൽ തെറ്റി. അത്തരം നീക്കുപോക്കുകൾ ഒന്നുമില്ല. പ്രചാരണത്തിന് പ്രവർത്തകർ ചിതറിയോടിയാൽ എല്ലായിടത്തും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റില്ല.
അതുകൊണ്ട് എണ്ണം കുറച്ച് മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നു. ഇൻഡ്യ മുന്നണിയൊക്കെ ദേശീയതലത്തിൽ. നിയമസഭ തെരഞ്ഞെടുപ്പിൽ, ഇവിടെ പാർട്ടിയുടെ കരുത്ത് കൂട്ടുകയാണ് ലക്ഷ്യം -സ്വന്തം മസിൽ ഓരോ പാർട്ടിയും അളക്കുന്ന തെരഞ്ഞെടുപ്പു നയം ആപ് നേതാവും മുന്നോട്ടുവെച്ചു.
ആം ആദ്മി പാർട്ടിയുടെ സൗജന്യ പദ്ധതികൾ കോൺഗ്രസും മറ്റു പാർട്ടികളും ഇപ്പോൾ ഹൈജാക് ചെയ്ത് നടപ്പാക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് വിശ്വസിക്കുന്നു. കോൺഗ്രസിന്റെ ഏഴു ഗാരന്റിയും മറ്റും കോപ്പിയടിയാണ്. ഡൽഹിയിൽ നടപ്പാക്കിയ പരിഷ്കാരത്തിനൊത്ത് മാസങ്ങൾക്കുമുമ്പുതന്നെ ‘കെജ്രിവാൾ കി ഗാരന്റി’ രാജസ്ഥാനിൽ ആപ് മുന്നോട്ടുവെച്ചിരുന്നു.
വൈദ്യുതി, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി വിവിധ മേഖലകളിലും സ്ത്രീകൾക്കായുമുള്ള പ്രത്യേക വാഗ്ദാനങ്ങളായിരുന്നു അത്. വിലക്കയറ്റം, കുടിവെള്ള ക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലൊന്നും കേന്ദ്ര-സംസ്ഥാന ഭരണ കക്ഷികൾ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല.
അഴിമതിയുടെ കാര്യത്തിലും തഥൈവ. ജാതി അടിസ്ഥാനത്തിൽ വോട്ടുപിടിക്കുന്നു. എങ്കിലും തമ്മിൽ ഭേദം തൊമ്മനെന്ന മട്ടിൽ, പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിനോ, ജയസാധ്യത നോക്കി മറ്റു ബി.ജെ.പിയിതര സ്ഥാനാർഥികൾക്കോ വോട്ടു കൊടുക്കും.
അക്കൗണ്ട് തുറക്കാമെന്ന് മനക്കോട്ട കെട്ടുന്ന ആപ് ഓഫിസിൽനിന്ന് ബാനി പാർക്ക് ബ്രിഗു മാർഗിലെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ഓഫിസിൽ എത്തിയാൽ, ആറു സീറ്റിൽ ജയിച്ചിട്ട് ആറു പേരെയും കോൺഗ്രസ് റാഞ്ചിയ അക്കിടിയുടെ തീരാവേദനയോടെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി പുഖ് രാജ് മേഘ്വാളിന്റെ നിൽപ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പറ്റിയത് ഇത്തവണ സംഭവിക്കരുതെന്ന് ബഹൻജി (മായാവതി) താക്കീതു നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെപ്പോലെ എല്ലാ സീറ്റിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. കാലു മാറില്ലെന്ന് ഉറപ്പുള്ളവരെയാണ് സ്ഥാനാർഥികളാക്കിയത്. ബി.ജെ.പിക്കും കോൺഗ്രസിനും ഇത്തവണ ഭൂരിപക്ഷം കിട്ടില്ല.
ആർക്കു ഭരിക്കണമെങ്കിലും ബി.എസ്.പിയുടെ പിന്തുണ വേണ്ടിവരും -പാർട്ടി സംസ്ഥാന നേതാവ് നയ-തന്ത്രം വ്യക്തമാക്കി. ആറ് ബി.എസ്.പിക്കാർ ജയിച്ചതിനൊപ്പം, 13 സീറ്റിൽ 3000ൽ താഴെ വോട്ടിനാണ് പാർട്ടി തോറ്റതെന്നും പുഖ് രാജ് മേഘ്വാൾ ചൂണ്ടിക്കാട്ടുന്നു. ബി.എസ്.പി സ്ഥാനാർഥി ജയിക്കുമെന്ന് തോന്നുന്നേടത്ത് മറ്റു പാർട്ടികളെ കൂട്ടുപിടിക്കുന്ന തന്ത്രം കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ പയറ്റുന്നു.
ഭരിക്കാൻ കിട്ടിയ അവസരം തമ്മിൽതല്ലി തുലച്ച കോൺഗ്രസാണ് തുടർഭരണം കിട്ടുമെന്ന് പറയുന്നത്. ഇത്തവണത്തെ ഊഴം തങ്ങളുടേതാണെന്നു പറയുന്ന ബി.ജെ.പിയിലും പൊരിഞ്ഞ അടിയാണ്. ഇതിനിടയിൽ ജനപക്ഷത്ത് ആരുമില്ല -ബി.എസ്.പി നേതാവ് വിശദീകരിച്ചു.
കോൺഗ്രസും ബി.ജെ.പിയുമായി പ്രധാന പോരാട്ടം നടക്കുന്ന രാജസ്ഥാനിൽ സ്വന്തം മസിൽക്കരുത്ത് പരീക്ഷിക്കുന്നവർ ആം ആദ്മി പാർട്ടിയും ബി.എസ്.പിയും മാത്രമല്ല. സി.പി.എം, ആർ.എൽ.പി, ഭാരതീയ ട്രൈബൽ പാർട്ടി, ആർ.എൽ.ഡി, ജെ.ജെ.പി, എ.ഐ.എം.ഐ.എം എന്നിവ മറ്റു പാർട്ടികൾ. വിമതരും സ്വതന്ത്രരും പുറമെ. കഴിഞ്ഞ തവണ ജയിച്ച സ്വതന്ത്രരുടെ എണ്ണം 13 എന്നു കൂട്ടിച്ചേർക്കേണ്ടി വരും.
ജയ്പുർ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച സമാപനം. ശനിയാഴ്ചയാണ് 200 സീറ്റിലേക്കുള്ള വോട്ടെടുപ്പ്. പ്രചാരണ സമാപനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും വിവിധ നേതാക്കൾ വ്യാഴാഴ്ച സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രചാരണ പര്യടനം നടത്തുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കാണുന്ന അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും തെലങ്കാനയിലുമാണ് വോട്ടെടുപ്പ് ബാക്കിയുള്ളത്. തെലങ്കാനയിൽ ഈ മാസം 30നാണ് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം ഡിസംബർ മൂന്നിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.