ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ബി.ജെ.പി എം.എൽ.എമാർ ചൊവ്വാഴ്ച യോഗം ചേരും. പാർട്ടി കേന്ദ്ര നിരീക്ഷകർ ചൊവ്വാഴ്ച ജയ്പുരിലെത്തി ഓരോ എം.എൽ.എമാരുമായും ചർച്ച നടത്തും. ഉച്ചക്കുശേഷം നടക്കുന്ന യോഗത്തിലാകും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സരോജ് പാണ്ഡെ, വിനോദ് താവ്ഡെ എന്നിവരാണ് നിരീക്ഷകർ. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എം.എൽ.എമാരുടെ യോഗം നിശ്ചയിക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു ബി.ജെ.പി. ഇതിനിടെ, കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് നിയുക്ത എം.എൽ.എമാരും മുൻ എം.എൽ.എമാരും അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.
എം.പി സ്ഥാനം രാജിവെച്ച് മഹന്ത് ബാലക്നാഥ് മുഖ്യമന്ത്രിയാകാൻ നീക്കം സജീവമാക്കിയെങ്കിലും വസുന്ധരയും പിറകോട്ടില്ലെന്ന നിലപാടിലാണ്.
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയെ കഴിഞ്ഞ ദിവസം വസുന്ധര കണ്ടിരുന്നു. വസുന്ധര രാജെയുടെ മകനും എം.പിയുമായ ദുഷ്യന്ത് സിങ് എം.എൽ.എമാരെ ജയ്പുരിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പിയുടെ കിഷൻഗഞ്ച് എം.എൽ.എ ലളിത് മീണയുടെ പിതാവ് ഹേമരാജ് മീണ പരാതിപ്പെട്ടിരുന്നു.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടന്ന 199 സീറ്റുകളിൽ 115 ഇടത്താണ് ബി.ജെ.പി വിജയിച്ചത്. ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്, അശ്വിനി വൈഷ്ണവ് എന്നിവരും മുഖ്യമന്ത്രിയാകാൻ രംഗത്തുണ്ടെന്നാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.