ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനാകാൻ ഒരുങ്ങുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ കോൺഗ്രസിൽ പൊരിഞ്ഞ പോര്. സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ഹൈകമാൻഡിൽ സമ്മർദം ചെലുത്തി ഗെഹ് ലോട്ട് അനുകൂലികളായ എം.എൽ.എമാർ ഗ്രൂപ്പു യോഗം വിളിച്ച് കൂട്ടരാജി പ്രഖ്യാപിക്കുകയും സ്പീക്കറെ കാണുകയും ചെയ്തു. ഹൈകമാൻഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകരുടെ സാന്നിധ്യത്തിൽ വിളിച്ച നിയമസഭ കക്ഷി യോഗം ബഹിഷ്കരിച്ചു.
പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയിൽ പൂർണവിശ്വാസം രേഖപ്പെടുത്താനുള്ള കാര്യപരിപാടിയുമായി വിളിച്ച യോഗമാണ് അലങ്കോലപ്പെട്ടത്. ഗെഹ്‍ലോട്ടിനെ തുടരാൻ അനുവദിക്കുകയോ അദ്ദേഹം പറയുന്ന മറ്റൊരാളെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്ന ആവശ്യമാണ് ഗെഹ് ലോട്ട് അനുകൂലികൾ ഉയർത്തുന്നത്. തൊണ്ണൂറോളം വരുന്ന എം.എൽ.എമാരാണ് രാത്രി വൈകി കൂട്ടത്തോടെ സ്പീക്കറെ കണ്ടത്.
ഒരാൾക്ക് ഒരു പദവിയെന്ന ഉദയ്പൂർ നവസങ്കൽപ് ശിബിരത്തിലെ തീരുമാന പ്രകാരം മുന്നോട്ടുനീങ്ങണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം നടപ്പാക്കാൻ 'നിയുക്ത' കോൺഗ്രസ് പ്രസിഡന്റും ഒപ്പമുള്ളവരും മടിക്കുന്നതാണ് രാജസ്ഥാനിലെ കാഴ്ച. 40 വർഷം ഭരണഘടന പദവി വഹിച്ച തനിക്ക് സ്ഥാനമോഹമില്ലെന്നും, ഇനി പുതുതലമുറ വരട്ടെയെന്നും ഗെഹ് ലോട്ട് പറഞ്ഞപ്പോൾ തന്നെയാണ് ഗെഹ് ലോട്ട് അനുകൂലികളായ എം.എൽ.എമാരുടെ ഗ്രൂപ് യോഗം ചേർന്നതും ഔദ്യോഗിക യോഗത്തിൽനിന്ന് വിട്ടുനിന്നതും. സ്വന്തം പക്ഷത്തെ എം.എൽ.എമാരുടെ നീക്കം വ്യക്തമായി അറിയുന്ന ഗെഹ് ലോട്ട് ഗ്രൂപ് യോഗത്തിൽ 'സാങ്കേതികമായി' പങ്കെടുക്കാതെ അജ്മീരിലായിരുന്നു. 2020ൽ ഗെഹ് ലോട്ടിനെ അധികാരത്തിൽനിന്നിറക്കാൻ വിമത പ്രവർത്തനം നടത്തിയ സചിനെ മുഖ്യമന്ത്രിയാക്കിയാൽ ഭരണം താഴെ വീഴുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റുപോകുമെന്നും ഗ്രൂപ് യോഗം മുന്നറിയിപ്പു നൽകി.
പുതിയ മുഖ്യമന്ത്രിയുടെ കാര്യം ചർച്ചചെയ്യാൻ വിളിച്ച നിയമസഭ യോഗത്തിലേക്ക് ഗെഹ് ലോട്ട് പക്ഷം എം.എൽ.എമാർ വരാതിരുന്നതിനെ തുടർന്ന് ഹൈകമാൻഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർക്ക് ദീർഘനേരം കാത്തിരുന്നു. സ്പീക്കറെ കണ്ട എം.എൽ.എമാരുടെ കൂട്ടത്തിൽ ഗെഹ് ലോട്ട് ഉണ്ടായിരുന്നില്ല.
എന്നാൽ, അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു നീക്കം രാജസ്ഥാനിലെ സാഹചര്യങ്ങളിൽ സാധ്യമല്ല. 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്താണ് കോൺഗ്രസ്-100 പേർ. ബി.എസ്.പിയിൽ നിന്നെത്തിയ ആറു പേർ, സി.പി.എം അടക്കം ചെറുകക്ഷികൾ, സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് ഗെഹ് ലോട്ട് ഭരണം. ബി.ജെ.പിക്കുള്ളിലെ പോരും ഭരണംനിലനിർത്താൻ കോൺഗ്രസിനെ സഹായിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിനു പിന്നിൽ സചിൻ പൈലറ്റിന്റെയും കടുത്ത അധ്വാനമുണ്ടെന്നിരിക്കേ, ഇനിയും പദവി കിട്ടില്ലെന്നുവന്നാൽ അദ്ദേഹം കോൺഗ്രസിൽ തുടരുമോ എന്ന ആശങ്ക കേൺഗ്രസിലുണ്ട്. രാജ്യത്ത് കോൺഗ്രസ് ഭരണമുളള രണ്ടു സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.