ജയ്പുർ/ന്യൂഡൽഹി: കുടിവെള്ളപ്പാത്രത്തിൽ തൊട്ടതിന് ദലിത് ബാലനെ അധ്യാപകൻ അടിച്ചുകൊന്ന സംഭവത്തിൽ രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ട് സർക്കാർ സമ്മർദത്തിൽ. ദലിത് സമുദായംഗങ്ങൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരു നഗരസഭയിൽനിന്ന് 12 കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു. അതേസമയം, സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ദേശീയ ബാലാവകാശ കമീഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ജാലോർ ജില്ലയിലെ സുരാന ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് അധ്യാപകന്റെ ക്രൂര മർദനമേറ്റ് സ്വകാര്യ സ്കൂൾ വിദ്യാർഥി ഇന്ദ്ര മേഘ്‍വാൾ ആശുപത്രിയിൽ മരിച്ചത്. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദാംശവും എഫ്.ഐ.ആറിന്റെ കോപ്പിയും സമർപ്പിക്കാൻ ബാലാവകാശ കമീഷൻ നിർദേശിച്ചു.
ബാരൻ നഗരസഭ കൗൺസിലിലെ കോൺഗ്രസ് അംഗങ്ങളാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയച്ചത്. പാർട്ടി എം.എൽ.എ പാനാചന്ദ് മേഘ്‍വാൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയതിനു പിന്നാലെയാണിത്.
ഇതിനിടെ, ബാലന്റെ വീട് സന്ദർശിച്ച മുതിർന്ന നേതാവ് സച്ചിൻ പൈലറ്റ്, ദലിത് സമുദായത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, ജാതിയുടെ പേരിലാണ് മർദിച്ചത് എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ജാലോർ മണ്ഡലം എം.എൽ.എയും ബി.ജെ.പി നേതാവുമായ ജോഗേശ്വർ ഗാർഗ് പറഞ്ഞു. കുട്ടി മർദനമേറ്റാണ് കൊല്ലപ്പെട്ടതെന്നതിൽ സംശയമില്ലെന്നും എന്നാലിത് കുടിവെള്ളപ്പാത്രത്തിൽ തൊട്ടതിനാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.