ജയ്പൂർ: ബിഹാറിന് പിന്നാലെ കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ജാതി സെൻസസ് നടത്താൻ അശോക് ഗെഹ്ലോട്ട് സർക്കാർ ശനിയാഴ്ചയാണ് ഉത്തരവിട്ടത്. ഇതോടെ ഇന്ത്യയിൽ ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി രാജസ്ഥാൻ.
സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികൾ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെൻസസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവിത നിലവാരവും സാമൂഹ്യ, സാമ്പത്തിക ഉയർച്ചയും മെച്ചപ്പെടുത്തുന്നതിനാണിതെന്നും ഉത്തരവിൽ പറയുന്നു.
ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് കണക്ക് പുറത്തുവിട്ടതിന് പിന്നാലെ എതിർപ്പുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. ജാതി സെൻസസിനെതിരായ ഹരജികൾ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബിഹാർ സർക്കാറിനെയോ മറ്റേതെങ്കിലും സർക്കാറുകളെയോ തടയാൻ സുപ്രീംകോടതിക്കാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ബിഹാറിൽ ജാതി സെൻസസ് അടിസ്ഥാനമാക്കിയുള്ള തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സംഘ് പരിവാർ അനുകൂല സംഘടനകളായ ‘ഏക് സോച്, ഏക് പ്രയാസ്’, യൂത്ത് ഫോർ ഇക്വാലിറ്റി അടക്കമുള്ളവയാണ് കോടതിയെ സമീപിച്ചത്.
ജാതി സെൻസസിൽനിന്ന് ലഭിച്ച വിവിധ ജാതികളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പ്രാതിനിധ്യ കണക്കുകൂടി പുറത്തുവിടാൻ ബിഹാർ സർക്കാറിനെ പ്രാപ്തമാക്കുന്നതാണ് സുപ്രീംകോടതി നിലപാട്. ഹരജികൾക്ക് മറുപടി നൽകാൻ നിതീഷ് കുമാർ സർക്കാറിന് നോട്ടീസ് അയച്ച സുപ്രീംകോടതി വിശദവാദത്തിനായി കേസ് അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.