ജയ്പൂർ: ഇടവേളക്ക് ശേഷം രാജസ്ഥാൻ കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്ന് എം.എൽ.എയുടെ രാജി. സചിൻ പൈലറ്റിനോട് അടുത്തയാളും മുതിർന്ന എം.എൽ.എയുമായ ഹേമാറാം ചൗധരിയാണ് സ്പീക്കർക്ക് രാജി സമർപ്പിച്ചത്.
എന്താണ് രാജിയുടെ കാരണമെന്ന് എം.എൽ.എ വിശദീകരിച്ചിട്ടില്ല. രാജസ്ഥാൻ കോൺഗ്രസിൽ പുതിയ സുനാമിക്ക് കാരണമാകുന്ന തീരുമാനമാണ് രാജിയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നു. മാർച്ചിൽ നടന്ന നിയമസഭ സമ്മേളനത്തിൽ തെൻറ മണ്ഡലത്തിലെ റോഡ് വികസനത്തിലെ വിവേചനം ചൂണ്ടിക്കാട്ടി തങ്ങളും ബി.ജെ.പിയും എന്ത് വ്യത്യാസമാണുള്ളതെന്ന് ചൗധരി ചോദിച്ചിരുന്നു.
കഴിഞ്ഞ വർഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമതസ്വരമുയർത്തിയ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന സചിൻ പൈലറ്റിനൊപ്പമുണ്ടായിരുന്ന 19 എം.എൽ.എമാരിൽ ഒരാളാണ് ഹേമാറാം ചൗധരി. ഗെഹ്ലോട്ടിനോട് പിണങ്ങി റിസോർട്ടിൽ കഴിഞ്ഞിരുന്ന സചിൻ പൈലറ്റിനെയും അനുകൂലികളെയും ഒടുവിൽ ഹൈക്കമാൻഡ് ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. എങ്കിലും സചിൻ പൈലറ്റിൽ നിന്നും തിരിച്ചെടുത്ത ഉപമുഖ്യമന്ത്രി, കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങൾ തിരിച്ചുനൽകിയിരുന്നില്ല.
''ഹേമാറാം പാർട്ടിയുടെ മുതിർന്നതും ബഹുമാന്യനുമായ നേതാവാണ്. അദ്ദേഹത്തിെൻറ രാജിയുടെ കാരണം അറിഞ്ഞ ശേഷം മറ്റു തീരുമാനങ്ങൾ അറിയിക്കും. ഞാനദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇത് ഒരു കുടുംബ പ്രശ്നമാണ്. അതുടൻ പരിഹരിക്കും'' -സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.