ജയ്പൂർ: രാജസ്ഥാനിലെ കരൗലി ജില്ലയിൽ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ ഭൂമാഫിയ സംഘം തീകൊളുത്തി കൊന്നു. സപൊത്ര ഡിവിഷനിലെ ബോക്ന ഗ്രാമത്തിലാണ് സംഭവം. രാധാകൃഷ്ണ ക്ഷേത്രത്തിലെ പുരോഹിതനായ ബാബുലാൽ വൈഷ്ണവ് എന്ന 50കാരനാണ് പൊള്ളലേറ്റ് മരിച്ചത്.
രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിെൻറ ഉടമസ്ഥതയിലുള്ള 5.2 ഏക്കർ സ്ഥലത്തിെൻറ പേരിലുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്. ഈ സ്ഥലം പുരോഹിതന് വരുമാന മാർഗമായി നൽകിയതായിരുന്നു. ക്ഷേത്ര ട്രസ്റ്റുകളിൽ ഉൾപ്പെടുന്ന ഇതുപോലുള്ള സ്ഥലങ്ങൾ പൂജകൾ നടത്തുകയും ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യുന്നതിന് പകരമായി പുരോഹിതന്മാർക്ക് വരുമാന മാർഗമായി ഉപയോഗത്തിനായി നൽകാറുണ്ട്.
എന്നാൽ ഈ ഭൂമിയോടെ ചേർന്ന് കിടക്കുന്ന തെൻറ പേരിലുള്ള സ്ഥലത്ത് ബാബു ലാൽ വൈഷ്ണവ് ഒരു വീട് നിർമിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. തട്ടായി കിടന്ന ഭൂമി നിരപ്പാക്കിയതോടെ ഗ്രാമത്തിലെ പ്രബലരായ മീണ സമുദായത്തിൽ നിന്നുള്ള മറ്റൊരു വിഭാഗം ആളുകൾ ഇതിനെ എതിർക്കുകയും ഭൂമി അവരുടെ പാരമ്പര്യസ്വത്താണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയുമായിരുന്നു.
തർക്കത്തിലെ ഗ്രാമപ്രമുഖർ ഇടപെട്ട് പുരോഹിതന് അനുകൂലമായി വിധി പറഞ്ഞതോടെ, അവിടെ വിളവെടുത്ത ബജ്റ ധാന്യത്തിെൻറ വൈക്കോൽ കെട്ടുകൾ ഉടമസ്ഥാവകാശത്തിെൻറ അടയാളമായി അതിർത്തിയിൽ തന്നെ വെച്ചു.
എന്നാൽ പുരോഹിതൻ നിരപ്പാക്കിയ സ്ഥലത്ത് പ്രതിഭാഗത്തുള്ളവർ സ്വന്തമായി കുടിൽ പണിയാൻ തുടങ്ങി. ഇത് വാക്കേറ്റത്തിന് കാരണമായി. ബുധനാഴ്ച പ്രതികൾ തർക്ക സ്ഥലത്ത് കിടന്ന ബജ്റ വൈക്കോൽ കൂനകൾക്ക് പെട്രോൾ ഒഴിച്ച് തീയിടുകയും പുരോഹിതനെ പൊള്ളലേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പുരോഹിതെൻറ മൊഴി. പൊള്ളലേറ്റതിനെ തുടർന്ന് ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ വ്യാഴാഴ്ച വൈകിട്ട് മരിച്ചു.
സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹർജി ലാൽ യാദവ് പറഞ്ഞു. പുരോഹിതെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി കൈലാഷ് മീണയെ പൊലീസ് കസ്റ്റഡിയിലെടുത്തി.
കൈലാഷ്, ശങ്കർ, നമോ മീണ, മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് പുരോഹിതൻ മൊഴി നൽകിയിട്ടുള്ളത്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.