ആർക്കൊപ്പം? രാജസ്ഥാൻ ഇന്ന് ബൂത്തിലേക്ക്

വ്യക്തമായ ഭൂരിപക്ഷം ആർക്കും അവകാശപ്പെടാനില്ലെന്ന സൂചനകൾക്കിടയിൽ, രാജസ്ഥാൻ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 200ൽ 199 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ശനിയാഴ്ച നടക്കുക. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത്സിങ് കോനൂരിന്‍റെ മരണത്തെ തുടർന്ന് ശ്രീഗംഗാനഗർ കരൺപുർ മണ്ഡലത്തിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തിൽ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 183 പേർ മാത്രമാണ് സ്ത്രീകൾ. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

കോൺഗ്രസും ബി.ജെ.പിയും തുല്യശകതികളായി നേർക്കുനേർ പോരാട്ടം നടക്കുന്ന രാജസ്ഥാനിൽ രണ്ടു പാർട്ടികൾക്കും ചങ്കിടിപ്പായി നിരവധി ചെറുകക്ഷികളും വിമതരടക്കം സ്വതന്ത്രരും ഒരുകൈ നോക്കുന്നുണ്ട്. മായാവതിയുടെ ബി.എസ്.പി എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി 86 സീറ്റിലും സി.പി.എം 17 സീറ്റിലും ബലപരീക്ഷണം നടത്തുന്നു. ആർ.എൽ.പി, ഭാരതീയ ട്രൈബൽ പാർട്ടി, ആർ.എൽ.ഡി, ജെ.ജെ.പി, എ.ഐ.എം.ഐ.എം, ആസാദ് സമാജ് പാർട്ടി എന്നിവ മറ്റു പാർട്ടികൾ. കഴിഞ്ഞ തവണ പ്രധാന പാർട്ടികളെ പിന്തള്ളി ജയിച്ചത് 13 സ്വതന്ത്രരാണ്. ചെറുപാർട്ടികളും സ്വതന്ത്രരും ചേർന്ന് പിടിച്ചത് 22 ശതമാനം വോട്ടും ആകെ 27 സീറ്റുമാണ്. കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും വോട്ടിലെ അന്തരം അര ശതമാനം മാത്രം.

പ്രമുഖ സ്ഥാനാർഥികൾ

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്: തുടർഭരണം നേടി നാലാമൂഴം മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന അശോക് ഗെഹ്ലോട്ട് സർദാർപുര മണ്ഡലത്തിൽ മത്സരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 63 ശതമാനം വോട്ടു നേടിയാണ് ജയിച്ചത്. 1998 മുതൽ സർദാർപുരയുടെ പ്രതിനിധിയാണ് ഗെഹ്ലോട്ട്.

വസുന്ധര രാജെ: 2003 മുതൽ ജൽറാപത്താന്‍റെ റാണിയാണ് രണ്ടു വട്ടം മുഖ്യമന്ത്രിപദം വഹിച്ച വസുന്ധര രാജെ. പക്ഷേ, കോൺഗ്രസ് അഞ്ചു വർഷം ഭരിച്ചാൽ അടുത്ത അഞ്ചുവർഷം തങ്ങൾക്കാണെന്ന ബി.ജെ.പിയുടെ സഫലമായാൽക്കൂടി വസുന്ധര അടുത്ത മുഖ്യമന്ത്രിയാവില്ല. പടലപിണക്കങ്ങൾ തന്നെ കാരണം. 2018ൽ 54 ശതമാനം വോട്ടു നേടിയാണ് ജയിച്ചത്. 

സചിൻ പൈലറ്റ്: കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ പ്രതിയോഗിയായ സചിൻ പൈലറ്റ് ടോങ്ക് സീറ്റിൽ വീണ്ടും ജനവിധി തേടുന്നു. ബി.ജെ.പിയുടെ യൂനുസ്ഖാനെ പരാജയപ്പെടുത്തിയാണ് സചിൻ കഴിഞ്ഞ തവണ ജയിച്ചതെങ്കിൽ, ഇത്തവണ ഒറ്റ മുസ്ലിം സ്ഥാനാർഥിയേയും നിർത്താത്ത ബി.ജെ.പി അജിത്സിങ് മേത്തയെയാണ് മത്സരിപ്പിക്കുന്നത്.

അംറാ റാം: സി.പി.എം സംസ്ഥാന സെക്രട്ടറിയായ അംറാ റാം ദത്താറാം ഗഡിൽ വീണ്ടും ജനവിധി തേടുന്നു. നാലു വട്ടം എം.എൽ.എയായിരുന്നെങ്കിലും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കർഷക സമരത്തിലൂടെ രാജസ്ഥാനിൽ പാർട്ടി വളർത്തിയ നേതാവാണ് അംറാറാം. സി.പി.എം 17 സീറ്റിൽ സാധ്യത പരീക്ഷിക്കുന്നു.

ബാലക് നാഥ് യോഗി: ആൾവാൾ എം.പിയെ തിജാര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കുകയാണ് ബി.ജെ.പി. എട്ടു നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒരു തവണ മാത്രമാണ് ഈ മണ്ഡലം ബി.ജെ.പിയെ തുണച്ചതെങ്കിലും, ഭരണം കിട്ടിയാൽ പാർട്ടിയിലെ ചേരിപ്പോരുകൾക്കിടയിൽ മുഖ്യമന്ത്രിയാകാനുള്ള പ്ലാനുമായാണ് മത്സരം. ‘യോഗി’യുടെ വിഭാഗീയ പ്രചാരണങ്ങൾ ഇതിനകം വിവാദം.

ഗോ​വി​ന്ദ്​​സി​ങ്​ ദൊ​ത്താ​സ്​​ര: രാ​ജ​സ്ഥാ​ൻ പി.​സി.​സി പ്ര​സി​ഡ​ന്‍റാ​യ ദൊ​ത്താ​സ്​​ര ല​ക്ഷ്മ​ൺ​ഗ​ഡ്​ മ​ണ്ഡ​ല​ത്തി​ൽ 2008 മു​ത​ൽ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യാ​ണ്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ ന​ട​ത്തി​യ റെ​യ്​​ഡ്​ വ​ലി​യ വി​വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്നു.

ദിയ കുമാരി: രജസാമണ്ഡ് എം.പിയായ ദിയ കുമാരി സംസ്ഥാന ബി.ജെ.പിയിൽ വസുന്ധര രാജെയുടെ എതിരാളി. ജയ്പൂർ രാജകുടുംബാംഗമായ ദിയ കുമാരിക്ക് മോദി-അമിത്ഷാമാരുടെ ആശിർവാദമുണ്ട്.

രാജേന്ദ്ര റാത്തോഡ്: നിയമസഭയിലെ പ്രതിപക്ഷ നേതാവായ റാത്തോഡ് മത്സരിക്കുന്ന ചുരു തുടർച്ചയായി ബി.ജെ.പി ജയിച്ചു വരുന്ന മണ്ഡലമാണ്.

രാജ്യവർധൻസിങ് റാത്തോഡ്: ജോധ്വാരയിൽ മത്സരിക്കുന്ന രാജ്യവർധൻസിങ് റാത്തോഡ് ബി.ജെ.പി മത്സരിപ്പിക്കുന്ന ഏഴ് എം.പിമാരിൽ മറ്റൊരാളാണ്. ഷൂട്ടിങ്ങിൽ ഒളിമ്പിക്സ് മെഡൽ ജേതാവ്. 

 

Tags:    
News Summary - Rajasthan to the booth today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.